നാലാംഘട്ട വോട്ടെടുപ്പ് പ്രചാരണം തീര്‍ന്നു
ദില്ലി: 14 ാമത് ലോക്സഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണം തിങ്കളാഴ്ച സമാപിക്കും. മേയ് അഞ്ച് ബുധനാഴ്ചയാണ് വോട്ടെടുപ്പ്.
ആദ്യഘട്ടം വോട്ടെടുപ്പ് ഏപ്രില്‍ 20 നും രണ്ടാം ഘട്ടം 22നും (ത്രിപുരയില്‍ മാത്രം) മൂന്നാം ഘട്ടം 26നുമാണ് നടന്നത്. അഞ്ചാം ഘട്ടം മേയ് പത്തിനാണ്.
പ്രധാനമന്ത്രി വാജ്പേയി മത്സരിക്കുന്ന യു.പി.യിലെ ലഖ്നൗ ഉള്‍പ്പടെ എട്ടു സംസ്ഥാനങ്ങളിലായി 83 മണ്ഡലങ്ങളിലാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. രാജസ്ഥാനില്‍ ആകെയുള്ള 25 മണ്ഡലങ്ങളിലും ബുധനാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയാകും. ഉത്തര്‍പ്രദേശില്‍ 30, മദ്ധ്യപ്രദേശില്‍ 12, ബിഹാറില്‍ 12, അരുണാചല്‍പ്രദേശില്‍ രണ്ട്, ജമ്മുകാശ്മീര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഓരോ മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
64 വനിതകള്‍ ഉള്‍പ്പെടെ 921 സ്ഥാനാര്‍ഥികളാണ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. പ്രധാനമന്ത്രി വാജ്പേയിയെ കൂടാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിങ്ങ് യാദവ്, കേന്ദ്രമന്ത്രി മുരളിമനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ശരദ്യാദവ്, ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്, പിഡിപി നേതാവ് മെഹബൂബ മുഫ്തി തുടങ്ങിയവരാണ് ബുധനാഴ്ച ജനവിധി തേടുന്ന പ്രമുഖര്‍.
ഏപ്രില്‍ 20, 22, 26 എന്നീ തിയ്യതികളില്‍ നടന്ന ആദ്യ മൂന്നു ഘട്ടങ്ങളിലായി 278 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. അവസാനഘട്ടമായ മെയ് 10ന് കേരളം ഉള്‍പ്പടെ 17 സംസ്ഥാനങ്ങളിലായി 183 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. മെയ് 13നാണ് വോട്ടെണ്ണല്‍.












Click it and Unblock the Notifications