ബുധനാഴ്ച നാലാംഘട്ട വോട്ടെടുപ്പ്
ദില്ലി: ഏഴ് സംസ്ഥാനങ്ങളിലെ 83 ലോക്സഭാ മണ്ഡലങ്ങളില്‍ ഏപ്രില്‍ അഞ്ച് ബുധനാഴ്ച വോട്ടെടുപ്പ് നടക്കും.
64 വനിതകളുള്‍പ്പെടെ 921 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഉത്തര്‍പ്രദേശ്(30),ബിഹാര്‍(12), മധ്യപ്രദേശ്(12), രാജസ്ഥാന്‍(25), അരുണാചല്‍ പ്രദേശ്(2), നാഗാലാന്ര് (1), ജമ്മു-കാശ്മീര്‍(1) എന്നിവിടങ്ങളിലാണ് മെയ് അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാറിലേയും രാജസ്ഥാനിലേയും വോട്ടെടുപ്പ് ബുധനാഴ്ചയോടെ പൂര്‍ത്തിയാകും.
പ്രധാനപ്പെട്ട ഒട്ടേറെപേര്‍ ഈ ദിവസം ജനവിധി തേടുന്നുണ്ട്. പ്രധാനമന്ത്രി എ.ബി. വാജ്പേയി, മുന്‍ മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ രാംജേഠ്മലാനി (ലഖ്നൗ), മുരളീമനോഹര്‍ ജോഷി (അലഹബാദ്), മുലായംസിങ്ങ് യാദവ്, ബല്‍റാം സിങ്ങ് യാദവ ് (മെയിന്‍പുരി), വിനയ് കട്യാര്‍ (ഖേരി), രാജ്ബബാര്‍ (ആഗ്ര), കല്യാണ്‍ സിങ്ങ് (ബുലന്ത്ഷഹര്‍) തുടങ്ങിയവരാണ് യു.പി യില്‍ നിന്ന് ബുധനാഴ്ച ജനവിധി തേടുന്ന പ്രമുഖര്‍.
ലാലുപ്രസാദ് യാദവ്, ശരത് യാദവ് (മധേപ്പുര), കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈന്‍ (കിഷന്‍ ഗഞ്ച്), കേന്ദ്ര മന്ത്രി ദിഗ്വിജയ് സിങ്ങ് (ബങ്ക) തുടങ്ങിയവരാണ് ബിഹാറില്‍ മത്സരരംഗത്തുള്ള പ്രമുഖര്‍.
രാജസ്ഥാനില്‍ ധര്‍മ്മേന്ദ്ര (ബിക്കാനിര്‍), ബാല്‍റാം ഝക്കര്‍ (ചുരു), ഗിരിജാ വ്യാസ് (ഉദയ്പൂര്‍), ബൂട്ടാ സിങ്ങ് (ജാലോര്‍), രാജേഷ് പൈലറ്റിന്‍െറ മകന്‍ സച്ചിന്‍ പൈലറ്റ് (ദൗസ), തുടങ്ങിയവര്‍ ജനവിധി തേടുന്നു.
ജമ്മു-കാശ്മീരിലെ അനന്തനാഗില്‍ പി.ഡി.പി അധ്യക്ഷ മെഹബൂബാ മുഫ്തിയാണ് മുഖ്യ സ്ഥാനാര്‍ത്ഥി.
നാലാംഘട്ട വോട്ടെടുപ്പിനു വേണ്ടി 90,000 സുരക്ഷാ സൈനികരെ ഏഴു സംസ്ഥാനങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്. അനന്തനാഗില്‍ മാത്രം 33,300 ഭടന്‍മാരാണ് തിരഞ്ഞെടുപ്പ് ജോലിയിലുള്ളത്. ലഖ്നൗവില്‍ 14,500 സി.ആര്‍.പി.എഫ് ഭടന്‍മാരെ നിയോഗിച്ചിട്ടുണ്ട്. ബിഹാറിലെ നിര്‍ണായക മണ്ഡലങ്ങളില്‍ 11,100 സി.ആര്‍.പി.എഫ് ഭടന്‍മാരെ നിയോഗിച്ചിട്ടുണ്ട്.
അവസാന ഘട്ട തിരഞ്ഞെടുപ്പ് മേയ് പത്തിനാണ്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഹരിയാണ, ഡല്‍ഹി, ഉത്തരാഞ്ചല്‍, സിക്കിം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, ആന്തമാന്‍ നിക്കോബാര്‍, ചണ്ഡീഗഢ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലും യു.പി, മധ്യപ്രദേശ്, ജമ്മു-കാശ്മീര്‍ എന്നിവിടങ്ങളിലാണ് ഈ ദിവസം തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications