പീഡനം: സൈനികരെ ശിക്ഷിയ്ക്കാന്‍ ബുഷ്
വാഷിംഗ്ടണ്‍: ഇറാഖി തടവുകാരെ ക്രൂരമായി പീഡിപ്പിച്ച യുഎസ് സൈനികര്‍ക്കെതിരെ നടപടിയെടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ആവശ്യപ്പെട്ടു.
ഇറാഖി ജയിലിലെ അവസ്ഥയെക്കുറിച്ച് പഠിയ്ക്കാനും പ്രതിരോധസെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡിനോട് ജോര്‍ജ്ജ് ബുഷ് ആവശ്യപ്പെട്ടു. ബാഗ്ദാദിനടുത്തുള്ളഅബു ഗാരിബ് ജയിലിലെ ഇറാഖി തടവുകാരോടാണ് യുഎസ് സേന മോശമായി പെരുമാറിയതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. ബ്രിട്ടീഷ് സൈനികരും ഇറാഖി തടവുകാരോട് മോശമായി പെരുമാറിയതിന്റെ ചിത്രങ്ങള്‍ ബ്രിട്ടനിലെ ഡെയ്ലി മിറര്‍ എന്ന പത്രവും ഈയിടെ പുറത്തുവിട്ടിരുന്നു. ഇത് ബ്രിട്ടനിലും വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ്.
അബു ഗാരിബ് ജയിലിന്റെ ചുമതലക്കാരിയായ ബ്രിഗേഡിയര്‍ ജനറല്‍ ജാനിസ് കാര്‍പ്പിന്‍സ്കിയുടെ നേതൃത്വത്തിലാണ് ഇറാഖിലെ തടവുകാരെ പീഡിപ്പിച്ചത്. നഗ്നരായ തടവുകാരെക്കൊണ്ട് പിരമിഡുണ്ടാക്കുക, വെള്ളം ചോദിയ്ക്കുമ്പോള്‍ മൂത്രമൊഴിച്ചുനല്കുക, തടവുകാരെക്കൊണ്ട് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതുപോലെ അഭിനയിപ്പിയ്ക്കുക എന്നീ ക്രൂരകൃത്യങ്ങളാണ് യുഎസ് സൈനികര്‍ ചെയ്തത്. ബ്രിട്ടീഷ് സൈനികരും ഇതിന് സമാനമായ ക്രൂരപീഡനങ്ങളായിരുന്നു ജയിലില്‍ അഴിച്ചുവിട്ടത്.
പീഡനകഥ പുറത്തുവന്നതിന് ശേഷമുള്ള സൈന്യത്തിന്റെ പ്രതികരണത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ബുഷും വിദേശകാര്യസെക്രട്ടറി കോളിന്‍ പവലും ചര്‍ച്ച ചെയ്തിരുന്നതായി വൈറ്റ്ഹൗസ് വക്താവ് സ്കോട്ട് മക്ലല്ലന്‍ പറഞ്ഞു. ക്രൂരകൃത്യങ്ങള്‍ ചെയ്ത പട്ടാളക്കാര്‍ക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളാന്‍ ബുഷ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മക്ലല്ലന്‍ പറഞ്ഞു.
ക്രൂരപീഡനങ്ങളുടെ ചിത്രങ്ങള്‍ കണ്ട ബുഷ് അതിനോട് കടുത്ത വെറുപ്പ് പ്രകടിപ്പിച്ചു. യുഎസ് സൈന്യം ഉയര്‍ത്തിപ്പിടിയ്ക്കുന്ന മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ് ഇതെന്നും ബുഷ് പറഞ്ഞതായി മക്ലല്ലന്‍ വിശദീകരിച്ചു. പീഡനം നടത്തിയ പട്ടാളക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കുമെന്നും മക്ലല്ലന്‍ പറഞ്ഞു.


Click it and Unblock the Notifications