നാലാം ഘട്ട വോട്ടിംഗ് 55 ശതമാനം
ദില്ലി: മേയ് അഞ്ച് ബുധനാഴ്ച നടന്ന നാലാം ഘട്ട പോളിംഗില്‍ 50-55 ശതമാനം പേരാണ് വോട്ട് ചെയ്തത്. അക്രമങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു.
ബിഹാറിലെ മധേപുരയിലെ ഒരു ബൂത്തില്‍ പോളിംഗ് റദ്ദാക്കിയിട്ടുണ്ട്. ലാലു പ്രസാദ് യാദവും ശരദ് യാദവും മത്സരിയ്ക്കുന്ന മണ്ഡലമാണിത്.
10.72 കോടി വോട്ടര്‍മാരാണ് ബുധനാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടിയിരുന്നത്. 83 സീറ്റകളിലേയ്ക്കായിരുന്നു വോട്ടിംഗ്. 921 പേരാണ് മത്സരിച്ചത്. കശ്മീരിലും ബിഹാറിലും രാജസ്ഥാനിലുമാണ് അക്രമങ്ങള്‍ നടന്നത്.
തീവ്രവാദികള്‍ ചൊവാഴ്ച രാത്രിയിലും ആക്രമണങ്ങള്‍ നടത്തിയ കശ്മീരിലെ അനന്തനാഗ് മണ്ഡലത്തില്‍ 15 ശതമാനം വോട്ടിംഗ് മാത്രമേ നടന്നുള്ളു. 1999 ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ 14.32 ശതമാനം വോട്ടിംഗാണ് നടന്നത്. എന്നാല്‍ 2002 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ 22 ശതമാനം പേര്‍ വോട്ട് ചെയ്തു. കശ്മീര്‍ ഭരിയ്ക്കുന്ന പി ഡി പി യുടെ അദ്ധ്യക്ഷയും കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകളുമായ മഹബൂബ മുഫ്തി ഇവിടെ നിന്നാണ് മത്സരിയ്ക്കുന്നത്. എതിരെ മത്സരിയ്ക്കുന്നത് സി പി എം കശ്മീര്‍ സംസ്ഥാന സെക്രട്ടറിയായ എം വൈ തരിഗാമിയാണ്. നാഷണല്‍ കോണ്‍ഫറന്‍സിന്റെ മെഹബൂബ് ബേയ്ഗും ഇവിടെ നിന്ന് മത്സരിയ്ക്കുന്നുണ്ട്. അനന്തനാഗില്‍ നടന്ന അക്രമങ്ങലില്‍ ഒരാളാണ് മരിച്ചത്. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നാഗാലാണ്ടില്‍ 70 ശതമാനത്തോളം പോളിംഗാണ് നടന്നത്. ഇത്തവണ നാഗാലാണ്ടില്‍ ഒരു തീവ്രവാദി സംഘടനകളും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നില്ല. ഇതാണ് പോളിംഗ് ശതമാനം കൂടാന്‍ കാരണം.
83 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി
മെയ് 05, 2004
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് മെയ് അഞ്ച് ബുധനാഴ്ച രാവിലെ തുടങ്ങി. 83 ലോക്സഭാ മണ്ഡലങ്ങളിലാണ് ബുധനാഴ്ച വോട്ടെടുപ്പ് നടയ്ക്കുന്നത്.
പ്രധാനമന്ത്രി എ. ബി. വാജ്പേയി (ലക്നൗ), കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷി (അലഹബാദ്) തുടങ്ങിയവര്‍ ബുധനാഴ്ച ജനവിധി തേടുന്ന പ്രമുഖരില്‍ പെടുന്നു. ബീഹാറിലെ പ്രമുഖ നേതാക്കളായ ലാലുപ്രസാദ് യാദവും ശരത്യാദവും തമ്മില്‍ മത്സരിക്കുന്ന മധേപ്പുര മണ്ഡലത്തിലും ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.
രാജസ്ഥാനില്‍ ആകെയുള്ള 25 മണ്ഡലങ്ങളിലും ബുധനാഴ്ചയാണ് വോട്ടെടുപ്പ്. . ഉത്തര്‍പ്രദേശ്(30),ബിഹാര്‍(12), മധ്യപ്രദേശ്(12), അരുണാചല്‍ പ്രദേശ്(2), നാഗാലാന്റ് (1), ജമ്മു-കാശ്മീര്‍(1) എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.
ഉത്തര്‍പ്രദേശിലും ബീഹാറിലും സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാത്തിയിട്ടുണ്ട്. മെഹബൂബ മുഫ്തി മത്സരിക്കുന്ന ജമ്മു കശ്മീരിലെ അനന്തനാഗിലും സുരക്ഷാസന്നാഹങ്ങള്‍ ശക്തമാണ്.












Click it and Unblock the Notifications