മന്ത്രിസഭാ പുന:സംഘടന നല്ലത്: സുധാകരന്‍
കണ്ണൂര്‍: മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് നല്ലതാണെന്നും യുഡിഎഫിന് പുതിയ പ്രതിച്ഛായയുണ്ടാക്കാന്‍ അത് സഹായിക്കുമെന്നും മന്ത്രി കെ. സുധാകരന്‍.
മെയ് അഞ്ച് ബുധനാഴ്ച കണ്ണൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.
മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാവുമെന്ന കരുണാകരന്റെ പ്രസ്താവനയെ താന്‍ വലിയ പ്രശ്നമായി കാണുന്നില്ല.
കണ്ണൂര്‍ ലോക്സഭാ സീറ്റ് ഇക്കുറി യുഡിഎഫ് തിരിച്ചുപിടിക്കും. കണ്ണൂരിലെ നിലവിലുള്ള എംപിയുടെ കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ പ്രവര്‍ത്തനം തീര്‍ത്തും നിരാശാജനകമായിരുന്നു. സിപിഎം ഇക്കുറിയും കള്ളവോട്ടിന് ശ്രമിക്കുകയും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്യും.
കണ്ണൂരിലെ ജയിലുകളില്‍ ഒറ്റ കോണ്‍ഗ്രസുകാരന്‍ പോലും തടവുകാരനായി ഉണ്ടാവില്ല. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ പൊലീസിന്റെ സഹായത്തോടെ സഞ്ചരിക്കേണ്ടിവന്ന സിപിഎം നേതാക്കള്‍ക്ക് യുഡിഎഫ് ഭരണകാലത്ത് അതിന്റെ ആവശ്യമുണ്ടോ?- സുധാകരന്‍ ചോദിച്ചു.
ജനിച്ചിട്ടില്ലാത്ത മതേതര മുന്നണി അധികാരത്തില്‍ വരുമെന്നും അതില്‍ കോണ്‍ഗ്രസിന് ചേരാമെന്നും പറയുന്നത് എന്തു വിഡ്ഢിത്തമാണ്. ദേശീയരാഷ്ട്രീയത്തില്‍ ഇടതുപക്ഷം ഇരുട്ടില്‍ തപ്പുകയാണ്.
അടൂരില്‍ ബാലകൃഷ്ണപിള്ള യാഥാര്‍ഥ്യം മനസിലാക്കി പെരുമാറുമെന്നാണ് കരുതുന്നത്. മുന്നണി സംവിധാനത്തില്‍ ഒരു നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications