പാഷന്‍ ഓഫ് ദി ക്രൈസ്റ് നിരോധിയ്ക്കണമെന്ന്
കോട്ടയം: മെല്‍ ഗിബ്സണ്‍ ക്രിസ്തുവിന്റെ അന്ത്യനിമിഷങ്ങളെ ആധാരമാക്കി നിര്‍മ്മിച്ച ഹോളിവുഡ് ചിത്രമായ പാഷന്‍ ഓഫ് ദി ക്രൈസ്റ് നിരോധിയ്ക്കണെന്നാവശ്യപ്പെട്ട് നോട്ടീസ്. ക്നാനായ സമുദായ ട്രസ്റി ടി.ഒ. ഏലിയാസാണ് സംസ്ഥാന സര്‍ക്കാരിനും കേന്ദ്രത്തിനും സിനിമ നിരോധിയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കിയിരിക്കുന്നത്.
ഈ ചിത്രം മെയ് ഏഴിന് കേരളമുള്‍പ്പെടെ ഇന്ത്യയിലാകെ റിലീസ് ചെയ്യാനിരിയ്ക്കുകയാണ്. ഏലിയാസിന്റെ നിര്‍ദേശപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ തിരുവല്ലയിലെ അഭിഭാഷകനായ ചെറിയാന്‍ വര്‍ഗ്ഗീസാണ് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്.
ക്രിസ്ത്രീയവിശ്വാസങ്ങളെയും ബൈബിള്‍ കേന്ദ്രമായുള്ള ചരിത്രവസ്തുതകളെയും ചോദ്യംചെയ്യുകയെന്ന ഗൂഢോദ്ദേശ്യം ഈ സിനിമയ്ക്ക് പിന്നിലുണ്ടെന്ന് പരാതിക്കാരന്‍ ആരോപിയ്ക്കുന്നു. ക്രിസ്ത്രുവിന്റെ ഉയിര്‍ത്തെഴുന്നേല്പ് യഥാര്‍ത്ഥസംഭവമായല്ല, ഒരു മിത്തായാണ് സിനിമയില്‍ ചിത്രീകരിയ്ക്കുതെന്നും നോട്ടീസ് കുറ്റപ്പെടുത്തുന്നു. ക്രിസ്തു ഉപയോഗിച്ചിരുന്ന അറമെയ്ക് ഭാഷയിലാണ് സിനിമ നിര്‍മ്മിച്ചിരിയ്ക്കുന്നതെന്നാണ് നിര്‍മ്മാതാവ് മെല്‍ ഗിബ്സന്റെ അവകാശവാദം. എന്നാല്‍ ക്രിസ്തു ഉപയോഗിച്ചിരുന്നത് അറബിക്കും അറബിസിറിയക്കും കൂടിക്കലര്‍ന്ന ഭാഷയായിരുന്നുവെന്നും നോട്ടീസ് വിമര്‍ശിയ്ക്കുന്നു.
കേരളത്തില്‍ മലങ്കര കത്തോലിക്ക പള്ളിയാണ് ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തിട്ടുള്ളത്. ഈ ചിത്രത്തിന്റെ പ്രിവ്യൂ കണ്ട പുരോഹിതരും ബിഷപ്പുമാരും സിനിമയെ വിമര്‍ശിച്ചില്ലല്ലോ എന്ന ചോദ്യത്തിന് എല്ലാവരും സിനിമയെ വിമര്‍ശനാത്മകമായി കാണണമെന്നില്ലെന്നായിരുന്നു പരാതിക്കാരനായ ഏലിയാസിന്റെ മറുപടി.












Click it and Unblock the Notifications