തമിഴ്നാട്ടില്‍ 4.72 കോടി വോട്ടര്‍മാര്‍ ബൂത്തിലേയ്ക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ മേയ് 10 ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് 4.72 കോടി വോട്ടര്‍മാര്‍. ഇതില്‍ 2.39 കോടി സ്ത്രീകളാണ്. സംസ്ഥാനത്തെ 39 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഇവിടെ പ്രചാരണം ശനിയാഴ്ച വൈകീട്ട് അവസാനിയ്ക്കും.
പോണ്ടിച്ചേരിയിലെ ഒരു സീറ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പും മേയ് പത്ത് തിങ്കളാഴ്ചയാണ്. ഇവിടെ 6.36 ലക്ഷം വോട്ടര്‍മാരാണുള്ളത്. പോണ്ടിച്ചേരിയുടെ ഭാഗമായ കോഴിക്കോട്ടിനടുത്തുള്ള മാഹിയിലും ഇതേ ദിവസം തന്നെയാണ് വോട്ടെടുപ്പ്.
തമിഴ്നാട്ടില്‍ ആകെ 571 സ്ഥാനാര്‍ത്ഥികളാണ് മത്സരിയ്ക്കുന്നത്. ഇതില്‍ 23 പേര് മാത്രമാണ് സ്ത്രീകള്‍. പോണ്ടിച്ചേരിയിലെ ഒരു സീറ്റില്‍ മത്സരിയ്ക്കുന്നത് 21 സ്ഥാനാര്‍ത്ഥികളാണ്.
ഒട്ടേറെ പ്രമുഖരും തമിഴ്നാട്ടില്‍ മത്സരത്തിനുണ്ട്. പതിനൊന്ന് മുന്‍ കേന്ദ്ര മന്ത്രിമാരാണ് തമിഴ്നാട്ടില്‍ മത്സരിയ്ക്കുന്നത്. ടി.ആര്. ബാലു(ഡിഎംകെ-ചെന്നൈ സൗത്ത് ), എ.കെ. മൂര്‍ത്തി (പിഎംകെ-ചെങ്കല്‍പേട്ട്), ജിഞ്ചി രാമചന്ദ്രന് (എംഡിഎംകെ-വണ്ടവാസി), ഇ. പൊന്നുസാമി (പിഎംകെ-ചിദംബരം), കെ.വി. തങ്കബാലു (കോണ്‍ഗ്രസ്-സേലം) ആര്. പ്രഭു (കോണ്‍ഗ്രസ്-നീല്‍ഗിരി), ഡോ. സുബ്രഹ്മണ്യം സ്വാമി (ജനത-മധുര), എ. രാജ (ഡിഎംകെ-പെരുമ്പലൂര്‍), ധനുഷ്കോടി ആദിത്യന് (കോണ്‍ഗ്രസ്-തിരുനല്‍വേലി), പി. ചിദംബരം (കോണ്‍ഗ്രസ്-ശിവഗംഗ), പൊന്‍ രാധാകൃഷ്ണന് (ബിജെപി-നാഗര്‍കോവില്‍) എന്നിവരാണ് മത്സരിയ്ക്കുന്ന മുന്‍ മന്ത്രിമാര്‍.