ലീഗിന്റെ ജാഥ പാതിവഴിയില്‍ ഉപേക്ഷിച്ചു
മലപ്പുറം: ലീഗ് അണികളില്‍ വീര്യമുണര്‍ത്തുക എന്ന ലക്ഷ്യത്തോടെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നയിച്ച തിരഞ്ഞെടുപ്പ് പര്യടനം ഉദ്ദേശിച്ച ലക്ഷ്യം സാധിക്കാതെ പാതിവഴിയില്‍ നിന്നു. എന്നാല്‍ ഈ ജാഥ ഉപേക്ഷിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണെന്നാണ് അറിയുന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് പര്യടനമാണെന്നാണ് അവകാശപ്പെട്ടിരുന്നതെങ്കിലും ഏപ്രില്‍ 28ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ യാത്ര തൃശൂരെത്തിയതോടെ സമാപനമായി. യാത്ര തുടങ്ങുന്നതിന് മുമ്പ് അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചതും അറിയിപ്പൊന്നുമില്ലാതെ തന്നെ. ലീഗ് മത്സരിക്കുന്ന മലപ്പുറത്തെ മണ്ഡലങ്ങളില്‍ പ്രവേശിക്കാതെയാണ് യാത്ര നിര്‍ത്തിയത്.
മുസ്ലിം ലീഗ് ഇതാദ്യമായിട്ടല്ല യാത്രകള്‍ അവസാനിപ്പിക്കാതെ ഇടയ്ക്കുവച്ച് ഉപേക്ഷിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് മുസ്ലിം ലീഗ് കാസര്‍കോട് നിന്ന് തുടങ്ങിയ സംസ്ഥാന പ്രക്ഷോഭ യാത്ര കാസര്‍കോട് ജില്ലയില്‍ തന്നെ അവസാനിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് അറിയിപ്പുകളൊന്നുമില്ലാതെ ഒരു യാത്ര ആരംഭിക്കുകയും അത് പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തതെന്തിന് എന്ന ചോദ്യമുയരുന്നു.
മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ നവോത്ഥാനയാത്ര നടക്കുന്നതിനിടയിലാണ് പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നിന്ന് യാത്ര തുടങ്ങിയത്. ഇങ്ങനെയൊരു സമാന്തര യാത്ര നടത്തുന്നതിനെതിരെ യുഡിഎഫില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതാണത്രെ യാത്ര അവസാനിപ്പിക്കാന്‍ ആന്റണി മുസ്ലിം ലീഗ് നേതൃത്വത്തോട് ആവശ്യപ്പെടാന്‍ കാരണം. മുസ്ലിം ലീഗിന്റെ സംസ്ഥാന സമിതി യോഗം ചേര്‍ന്ന് തീരുമാനമെടുക്കാതെയാണ് യാത്ര ആരംഭിച്ചത്.
നവോത്ഥാന യാത്രയില്‍ മുസ്ലിം ലീഗ് പ്രതിനിധികളുടെ സാന്നിധ്യം നാമമാത്രമായിരുന്നു. യാത്ര മലപ്പുറത്തെത്തിയപ്പോള്‍ ചില ലീഗ് മന്ത്രിമാര്‍ പേരിന് സാന്നിധ്യമറിയിച്ചിരുന്നു.












Click it and Unblock the Notifications