കോണ്‍ഗ്രസ്സിനോട് എതിര്‍പ്പില്ലെന്ന് ആര്‍.എസ്.പി.
തിരുവനന്തപുരം: കോണ്‍ഗ്രസ്സിനോട് എതിര്‍പ്പില്ലെന്നും വിശാലമായ മതേതരപ്രസ്ഥാനമായിരുന്നു കോണ്‍ഗ്രസ്സെന്നും ആര്‍.എസ്.പി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.പങ്കജാക്ഷന്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ സമീപനത്തെയും സാമ്പത്തികനയത്തെയും മാത്രമാണ് എതിര്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കേസരി സ്മാരക ജേര്‍ണലിസ്റ് ട്രസ്റിന്റെ ജനവിധി 2004 എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പങ്കജാക്ഷന്‍.
ഞാന്‍ കോണ്‍ഗ്രസ്സുകാരനായിരുന്നു. കോണ്‍ഗ്രസ്സിനോടല്ല വിരോധം. പിന്നീട് നേതൃസ്ഥാനത്ത് വന്നവരാണ് നാറാണക്കുഴി തോണ്ടിയത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ഇന്‍ഷ്വറന്‍സ് മേഖല ദേശസാത്കരിച്ചതിനെയും മറ്റും ആര്‍.എസ്.പി. സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, ഇപ്പോഴതാണോ സ്ഥിതി?
കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രികയില്‍ സാമ്പത്തികനയത്തെപ്പറ്റി ഊറ്റം കൊള്ളുന്നു. ബി.ജെ.പി. സര്‍ക്കാര്‍ അവരുടെ നയം പിന്തുടരുന്നതായി ആരോപിക്കുകയും ചെയ്യുന്നതായി പങ്കജാക്ഷന്‍ ചൂണ്ടിക്കാട്ടി.
ബി.ജെ.പി.യെയും കോണ്‍ഗ്രസ്സിനേയും ഒഴിവാക്കി മൂന്നാംമുന്നണി ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ അനിശ്ചിതത്വം ഉണ്ടാവില്ലായിരുന്നു. തിരഞ്ഞെടുപ്പിനുശേഷം മൂന്നാംമുന്നണി സംവിധാനം വരുമെന്ന പ്രത്യാശ വന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം കൈവരിച്ചതിന്റെ അഹങ്കാരത്തിലാണ് ബി.ജെ.പി. തിരഞ്ഞെടുപ്പ് നേരത്തെ നടത്താനിറങ്ങിയത്. എന്‍.ഡി.എ. സര്‍ക്കാരിനെ ഇനിയും അധികാരത്തിലേറ്റുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണ്.
തിരുവനന്തപുരത്ത് സോണിയാഗാന്ധി പങ്കെടുത്ത യോഗത്തില്‍ ആര്‍.എസ്.പി.ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതമായിപ്പോയെന്ന് പങ്കജാക്ഷന്‍ പറഞ്ഞു. അദ്ദേഹം അങ്ങനെ പറയരുതായിരുന്നു. കരുണാകരന്‍ പഴയതൊന്നും മറക്കരുത്. പണ്ട് രണ്ടക്കത്തിന് താഴെയുള്ള സംഖ്യ വരുന്ന എം.എല്‍.എ.മാരുമായി നിയമസഭയില്‍ കുനിഞ്ഞിരുന്നതൊന്നും കരുണാകരന്‍ മറക്കരുതായിരുന്നു. ഞാനും കരുണാകരനും ഏതാണ്ട് ഒരേ സമയത്ത് തൊഴിലാളിപ്രവര്‍ത്തനം തുടങ്ങിയവരാണ്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ നിമിത്തമായിരിക്കാം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്- പങ്കജാക്ഷന്‍ പറഞ്ഞു.












Click it and Unblock the Notifications