രാഷ്ട്രപതി വോട്ട് ചെയ്തു
ദില്ലി: രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം മേയ് പത്ത് തിങ്കളാഴ്ച രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
രാഷ്ട്രപതിഭവന്‍ കെട്ടിട സമുച്ചയത്തിലെ സ്കൂളിലായിരുന്നു രാഷ്ട്രപതിയുടെ ബൂത്ത്. രാവിലെ ഏഴ് മണിയ്ക്ക് വോട്ടിംഗ് തുടങ്ങി മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ അബ്ദുള്‍ കലാം വോട്ട് ചെയ്യാനായി സ്കൂളിലെത്തി.
കലാം ബൂത്തില്‍ എത്തിയപ്പോള്‍ വോട്ട് ചെയ്യാനായി ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഒട്ടും വൈകാതെ അദ്ദേഹം വോട്ട് ചെയ്ത് മടങ്ങി.
എന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നത് സുന്ദരമായ കാര്യമായി കരുതുന്നു - വോട്ട് ചെയ്തശേഷം കലാം വാര്‍ത്താ ലേഖകരോട് പറഞ്ഞു. വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് ചെയ്തതിനെക്കുറിച്ച് -ഉഗ്രന്‍- എന്നായിരുന്നു രാഷ്ട്രപതിയുടെ അഭിപ്രായം.
സാധാരണ രാഷ്ട്രപതിമാര്‍ വോട്ട് ചെയ്യാറില്ലായിരുന്നു. ഈ പതിവ് തെറ്റിച്ച് വോട്ട് ചെയ്യാനെത്തിയ ആദ്യ രാഷ്ട്രപതി കെ.ആര്‍. നാരാണനായിരുന്നു. ഇപ്പോള്‍ അബ്ദുള്‍ കലാമും വോട്ട് ചെയ്യാനെത്തി. എന്നാല്‍ നാരായണനില്‍ നിന്ന് ഒരു പടി കൂടി കടന്ന് ശാസ്ത്രജ്ഞനായ അബ്ദുള്‍ കലാം നാട്ടാരോട് വോട്ട് ചെയ്യാന്‍ പരസ്യമായി ആഹ്വാനം ചെയ്യുക കൂടി ചെയ്തു.












Click it and Unblock the Notifications