കേരളത്തില്‍ ഉച്ചവരെ 30 ശതമാനം പോളിംഗ്
തിരുവനന്തപുരം: ഉച്ചവരെ കേരളത്തിലാകെ ശരാശരി 30 ശതമാനം പോളിംഗ് നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികൃര്‍ വ്യക്തമാക്കി.
കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഒരിടത്തും ഉണ്ടായില്ല. പല സ്ഥലങ്ങളിലും വോട്ടിംഗ് മഷീന്‍ തകരാറിലായതുകാരണം വോട്ടിംഗ് വൈകി. രാവിലെ തന്നെ കേരളത്തിലെമ്പാടുമുള്ള 20,333 ബൂത്തുകളിലും വോട്ടര്‍മാരെത്തി. മഴ കാരണം ചില ബൂത്തുകളില്‍ തിരക്ക് കുറവായിരുന്നു. മലബാറിലെ പല ബൂത്തുകളിലും മഴ പ്രതീക്ഷിച്ച് ആളുകള്‍ക്ക് വരിയായി നില്‍ക്കാനായി മേല്‍പുര കെട്ടിയിരുന്നു.
ഒരു വിമുക്ത ഭടന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ തിരഞ്ഞെടുപ്പിനിടയില്‍ മരിച്ചു. തിരഞ്ഞെടുപ്പ് ജോലിയ്ക്കായി എത്തിയതായിരുന്നു വിമുക്ത ഭടന്‍.
മഞ്ചേരി മണ്ഡലത്തിലെ അരീക്കോട് കല്ലറ്റിക്കല്‍ ബൂത്തിലെ യന്ത്രത്തില്‍ ആര്‍ക്ക് വോട്ടുചെയ്താലും ഒരാള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നു. എന്നാല്‍ പോളിംഗ് ഓഫീസര്‍മാര്‍ പരിശോധന നടത്തി ഈ ആരോപണം ശരിയല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും സാങ്കേതിക വിദഗ്ദര്‍ പിന്നീട് ഈ യന്ത്രങ്ങള്‍ പരിശോധിച്ചു.
വടകരയിലാണ് ഉച്ചവരെ ഏറ്റവും കൂടുതല്‍ വോട്ടിംഗ് രേഖപ്പെടുത്തിയത്. 42 ശതമാനമായിരുന്നു ഇവിടത്തെ പോളിംഗ് ശതമാനം. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴിലാണ് ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനം - 21.9.
ഉച്ചയ്ക്ക് ശേഷം പോളിംഗ് ശതമാനം കാര്യമായി ഉയരുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications