മെയ് 13ന് എന്‍ഡിഎ ഇതര പാര്‍ട്ടികളുടെ ചര്‍ച്ച
ദില്ലി: മെയ് 13ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മറ്റ് മതേതരപാര്‍ട്ടികളും ചേര്‍ന്ന് ചര്‍ച്ച നടത്തുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി അറിയിച്ചു.
ബദല്‍ സര്‍ക്കാര്‍ രൂപീകരണം യാഥാര്‍ഥ്യമായിരിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് എല്ലാ മതേതരപാര്‍ട്ടികളും ചേര്‍ന്ന് തീരുമാനിക്കും- യെച്ചൂരി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈകീട്ട് സിപിഎം അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തുമായി ചര്‍ച്ച നടത്തുന്നതിന് അദ്ദേഹത്തിന്റെ വസതിയിലെത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി യെച്ചൂരി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചില എന്‍ഡിഎ ഇതര പാര്‍ട്ടികള്‍ ഫലം പുറത്തുവന്നതിന് ശേഷം എന്‍ഡിഎയില്‍ ചേരുകയോ അവരെ പിന്തുണക്കുകയോ ചെയ്യാനുള്ള സാധ്യതയെ കുറിച്ച് ചോദിച്ചപ്പോള്‍ ഗണിതശാസ്ത്രത്തില്‍ അത് സാധ്യമാണെന്നും രാഷ്ട്രീയത്തില്‍ സാധ്യമല്ലെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി.
എന്‍ഡിഎക്ക് എതിരായുള്ളതാണ് ജനവിധി. ചില പാര്‍ട്ടികള്‍ എന്‍ഡിഎയില്‍ ചേരാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് ജനവിധിക്കും ജനങ്ങള്‍ക്കും എതിരാണ്- യെച്ചൂരി വ്യക്തമാക്കി.












Click it and Unblock the Notifications