പിള്ളയെ പുറത്താക്കണം: യൂത്ത് കോണ്‍ഗ്രസ്
കോഴിക്കോട്: ആര്‍. ബാലകൃഷ്ണപിള്ളയെ മന്ത്രിസഭയില്‍ നിന്നും യുഡിഎഫില്‍ നിന്നും പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
പിള്ളയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോടും യുഡിഎഫ് കണ്‍വീനറോടും രേഖാമൂലം ആവശ്യപ്പെടും. പിള്ളയെ പുറത്താക്കണമെന്ന ആവശ്യം നടപ്പിലാക്കിയില്ലെങ്കില്‍ യുഡിഎഫ് വേദികളില്‍ അദ്ദേഹത്തെ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്യുമെന്ന് അനില്‍കുമാര്‍ വ്യക്തമാക്കി. മെയ് 12 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ സഹായിക്കുന്ന പിള്ളയുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. പിള്ളയുടെ നിലപാടും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ ചില പ്രസ്താവനകളും കൂട്ടിവായിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാവും.
രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും വ്യക്തിവിരോധത്തിന്റെ പേരില്‍ പ്രവര്‍ത്തനം നടത്തുന്ന പിള്ള ജനാധിപത്യത്തിന് കളങ്കമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ മാടമ്പിത്തരം ജനാധിപത്യത്തില്‍ ഭൂഷണമല്ല. കൊട്ടാരക്കരയില്‍ തുടങ്ങി കൊട്ടാരക്കരയില്‍ അവസാനിക്കുന്നതാണ് പിള്ള ഫാക്ടര്‍. പിള്ളയുടെ എതിര്‍പ്പ് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ വിജയത്തെ ബാധിക്കില്ല- അനില്‍കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications