തടിക്കാട്ടെ സിപിഎം ഓഫീസിന് തീവച്ചു
കൊല്ലം: അഞ്ചലിന് സമീപം തടിക്കാട്ടെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് ഒരു സംഘം അക്രമികള്‍ തീവച്ചു.
മെയ് 11 ചൊവാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് നാല് ജീപ്പുകളിലായെത്തിയ ഒരു സംഘം അഷ്റഫ് മെമ്മോറിയല്‍ ബില്‍ഡിംഗിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ വാതില്‍ പൊളിച്ച് അകത്ത് പെട്രോളൊഴിച്ച് തീവയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.
തീവയ്ക്കുന്ന സമയത്ത് ആരും ഓഫീസിലുണ്ടായിരുന്നില്ല. എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് ഓഫീസിന് തീവച്ചതെന്ന് സിപിഎം ആരോപിച്ചു.
സംഭവത്തിന് പിന്നില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. സിപിഎം നേതാവായ എം. എ. അഷ്റഫ് 2002 ജൂലൈ 18ന് കൊല ചെയ്യപ്പെട്ടിരുന്നു. കൊലയുമായി ബന്ധപ്പെട്ട് പ്രദേശത്തെ ഏഴ് എന്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തിരുന്നു. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്. അഷ്റഫിന്റെ സ്മരണാര്‍ഥമാണ് എം. എ. അഷ്റഫ് മെമ്മോറിയല്‍ കെട്ടിടം സിപിഎം നിര്‍മിച്ചത്.
അഫ്റഫ് വധക്കേസിലെ പ്രധാനപ്രതിയായ അബ്ദുള്‍ഖാദര്‍ മെയ് 10ന് തടിക്കാട്ടെ ഒരു ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ അബ്ദുള്‍ഖാദറിനെ പിന്തുടര്‍ന്നെങ്കിലും അയാള്‍ രക്ഷപ്പെട്ടു. ഈ സംഭവത്തോടുള്ള പ്രതികരണമെന്ന നിലയിലാണ് ഓഫീസിന് തീവച്ചതെന്ന് കരുതുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവാഴ്ച അഞ്ചലില്‍ ഹര്‍ത്താല്‍ ആചരിച്ചു.












Click it and Unblock the Notifications