സെയ്ദിന് ഇക്കുറി തോല്‍വിയുടെ ഊഴം
കവരത്തി: 1967 മുതല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യം ജയിക്കുന്ന സ്ഥാനാര്‍ഥിയുടെ പേര് പി. എം. സെയ്ദ് എന്നായിരുന്നു. അത് ഇത്തവണയും ആവര്‍ത്തിക്കാന്‍ സെയ്ദിനായില്ല.
എന്‍ഡിഎ സഖ്യത്തിനെതിരെ മുന്‍തൂക്കം സ്ഥാപിച്ച് കോണ്‍ഗ്രസ് ദേശീയതലത്തില്‍ മുന്നേറിയിട്ടുപോലും ലക്ഷദ്വീപ് മണ്ഡലത്തെ മൂന്നര ദശകക്കാലം ലോക്സഭയില്‍ പ്രതിനിധീകരിച്ച കോണ്‍ഗ്രസ് നേതാവായ സെയ്ദിന് ഇക്കുറി തോല്‍വിയുടെ രുചി ആദ്യമായി അറിയേണ്ടിവന്നു.
കഴിഞ്ഞ 10 തിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ വിജയത്തിന് ശേഷമാണ് സെയ്ദ് കവരത്തിയില്‍ തോല്‍ക്കുന്നത്. 11-ാമത്തെ തവണയും വിജയിച്ച് സര്‍വകാല റെക്കോഡിടുക എന്ന സെയ്ദിന്റെ മോഹമാണ് തകര്‍ന്നത്.
കഴിഞ്ഞ ലോക്സഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന സെയ്ദിന് ലഭിച്ചത് 15,526 വോട്ടുകളാണ്. സെയ്ദിനെ പരാജയപ്പെടുത്തിയ ജനതാദള്‍-യു സ്ഥാനാര്‍ഥി ഡോ. പി. പൂകുഞ്ഞി കോയക്ക് ലഭിച്ചത് 15596 വോട്ടും. അമിനി ആരോഗ്യകേന്ദ്രത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസറായിരുന്ന കോയ സ്വമേധയാ പിരിഞ്ഞതിന് ശേഷമാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.












Click it and Unblock the Notifications