Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയുടെ രാഷ്ട്രീയഭാവി ഇരുട്ടില്‍

സംസ്ഥാന രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് നേതൃനിരയിലും കെ. മുരളീധരന്റെ സ്ഥാനം ഇനിയെവിടെയാണ്? ഈ ചോദ്യത്തിന് വരുംനാളുകളാണ് ഉത്തരം പറയേണ്ടത്. വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയോടെ മുരളിയുടെ രാഷ്ട്രീയജീവിതം ഒരു വഴിത്തിരിവിലെത്തിനില്‍ക്കുകയാണ്.

എല്ലാ കണക്കുകൂട്ടലുകളെയും തകര്‍ത്ത പരാജയമാണ് മുരളിക്ക് വടക്കാഞ്ചേരിയില്‍ നേരിടേണ്ടിവന്നത്. 3715 വോട്ടുകള്‍ക്ക് സിപിഎമ്മിലെ എ. സി. മൊയ്തീന്‍ ജയിച്ചതോടെ മുരളിയുടെ രാഷ്ട്രീയജീവിതത്തില്‍ കനത്ത വീഴ്ചയാണുണ്ടായിരിക്കുന്നത്. യുഡിഎഫിനെതിരായ ജനവിധിയുടെ വേലിയേറ്റത്തില്‍ മുരളിക്ക് നഷ്ടമായത് മന്ത്രിപദം. മുരളിയുടെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് വടക്കാഞ്ചേരിയിലുണ്ടായത്.

കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചാണ് മുരളി വൈദ്യുതിമന്ത്രിയായത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ്വഴക്കിനൊടുവില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായി മുരളി കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനമാണ് വലുതെന്നും തന്നെ മന്ത്രിയാക്കാമെന്ന് പറയുന്നത് തന്നെ അപമാനിക്കലാണെന്നും പ്രസ്താവനയിറക്കിയ മുരളിക്ക് പറഞ്ഞതൊക്കെ അപ്പടി വിഴുങ്ങേണ്ടിവന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടെങ്കിലും വൈദ്യുതി മന്ത്രിയായി മുരളി അധികാര രാഷ്ട്രീയത്തിലേക്ക് ആദ്യത്തെ കാല്‍വയ്പ് നടത്തി. അധികാര രാഷ്ട്രീയത്തില്‍ കൂടുതല്‍ ഉയരങ്ങള്‍ വെട്ടിപ്പിടിക്കാമെന്ന കണക്കുക്കൂട്ടലുകളോടെയുള്ള കാല്‍വയ്പ്.

പക്ഷേ അധികാരവുമായുള്ള മുരളിയുടെ മധുവിധു ഹ്രസ്വകാലം കൊണ്ട് അവസാനിക്കുകയാണ്. ബലറാമിനെ കൊണ്ട് എംഎല്‍എ സ്ഥാനം രാജിവപ്പിച്ചത് വടക്കാഞ്ചേരിയില്‍ ജയിക്കുമെന്ന തീര്‍പ്പിന്റെ അടിസ്ഥാനത്തിലായിരുന്നു. ബല്‍റാമിന് കോഴിക്കോട് ലോക്സഭാ സീറ്റ് മത്സരിക്കാന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ വടക്കാഞ്ചേരിയിലെ സമ്മതിദായകര്‍ മുരളി മന്ത്രിയായി തുടരേണ്ടതില്ല എന്നാണ് വിധിച്ചത്. മുരളിയുടെ രാഷ്ട്രീയജീവിതത്തിലെ കറുത്ത അധ്യായങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വിധി.

മാസങ്ങള്‍ക്കിടയില്‍ മുരളിക്ക് ആദ്യം നഷ്ടപ്പെട്ടത് കെപിസിസി പ്രസിഡന്റ് സ്ഥാനം. ഇപ്പോഴിതാ മന്ത്രിസ്ഥാനവും. കെ. കരുണാകരന്‍ നടത്തിയ നീണ്ട കരുനീക്കങ്ങളുടെ ഫലമായി മുരളിക്ക് കിട്ടിയ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് മന്ത്രിപദം സ്വീകരിച്ചെങ്കിലും അധികാര രാഷ്ട്രീയത്തില്‍ നിന്നും മുരളി പുറത്തായി. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കരുണാകര വിഭാഗത്തിന്റെ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന തിരഞ്ഞെടുപ്പ് ഫലത്തോടെ മുരളിയുടെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലാവുകയാണ്.

ഇതിന് മുമ്പ് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലും തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലും തോല്‍വിയുടെ കയ്പറിഞ്ഞിട്ടുണ്ടെങ്കിലും അന്നൊന്നും മുരളിയുടെ രാഷ്ട്രീയജീവിതം കാര്യമായ പ്രതിസന്ധിയില്‍ പെട്ടിരുന്നില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് ജയിച്ച മുരളി കെപിസിസി പ്രസിഡന്റാവുക കൂടി ചെയ്തതോടെ രാഷ്ട്രീയത്തില്‍ വളര്‍ച്ചയുടെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു. ഉയരങ്ങളില്‍ നിന്നാണെന്നതിനാല്‍ ഇപ്പോഴത്തെ വീഴ്ചയ്ക്ക് ആഘാതം കൂടുകയും ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+