മുംബൈയില്‍ മൂന്ന് മലയാളികളെ വെട്ടിക്കൊന്നു
മുംബൈ: ഉത്തര്‍പ്രദേശുകാരിയെ പ്രേമിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മലയാളി യുവാവിനെയും അച്ഛനെയും അടക്കം നാല് പേരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി.
വസായി ഈസ്റ് ഗോരായി പാഡ ഖേര്‍പാഡയില്‍ കത്രിനഗര്‍ ചാളില്‍ താമസിയ്ക്കുന്ന തൃശൂര്‍ രാപ്പാള്‍ നൂച്ചിവീട്ടില്‍ എന്‍.കെ. കൃഷ്ണന്‍(70), മകന്‍ സുധി കൃഷ്ണന്‍(22), സുധിയുടെ അമ്മയുടെ സഹോദരിയുടെ മകന്‍ ബ്രിജിത് ബാലന്‍(13) എന്നിവരെയും ഇവരുടെ സുഹൃത്തും അയല്‍ക്കാരനുമായ യുപിക്കാരന്‍ ബബ്ലൂ പിപ്പിള്‍ അഭയരാജി(22) നെയുമാണ് വെട്ടിക്കൊന്നത്. കൃഷ്ണന്റെ ഭാര്യ ഇന്ദിരയെയും മകള്‍ ദീപയെയും അക്രമികള്‍ വെട്ടിപ്പരിക്കേല്പിച്ചു. ദീപയ്ക്ക് ചുണ്ടിലും നാവിലും വെട്ടേറ്റിട്ടുണ്ട്. ഇവര്‍ ഇരുവരും ആശുപത്രിയിലാണ്.
ഒരു വര്‍ഷം മുമ്പാണ് കൃഷ്ണന്റെ മകന്‍ സുധി അയല്‍വാസിയായ ഉത്തര്‍പ്രദേശുകാരി സുഷമ തിവാരിയെ വിവാഹം കഴിച്ചത്. ഇതിന്റെ പക തീര്‍ക്കാന്‍ സുഷമയുടെ സഹോദരന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ആയിരിയ്ക്കാം ആക്രമണം നടന്നതെന്ന് പൊലീസ് കരുതുന്നു. ദിലീപിന്റെ ഭീഷണി കാരണം അഞ്ചുമാസം ഗര്‍ഭിണിയായ സുഷമ അന്ധേരിയില്‍ സുധിയുടെ അമ്മയുടെ സഹോദരിയുടെ വീട്ടിലായിരുന്നു.
ഞായറാഴ്ച രാത്രി വാളും മറ്റ് മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം അഴിഞ്ഞാടുകയായിരുന്നു. അവര്‍ സുധിയെയും അച്ഛന്‍ കൃഷ്ണനെയും ദേഹമാസകലം വെട്ടി ക്രൂരമായി കൊലപ്പെടുത്തി. ബിജിതിന്റെ കഴുത്തു ഞെരിച്ചശേഷം വെട്ടി. ദീപയ്ക്ക് ദേഹത്ത് വെട്ടേറ്റിട്ടുണ്ട്. ദീപയുടെ ചുണ്ടും വായും മുറിക്കാന്‍ ശ്രമിച്ചു. ഇന്ദിരയുടെ വയറ്റിലും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അയല്‍ക്കാരനായ ബബ്ലുവിനെക്കൊണ്ട് പിന്‍വാതില്‍ മുട്ടി തുറപ്പിച്ചശേഷമാണ് അക്രമികള്‍ കൃഷ്ണന്റെ വീട്ടില്‍ കയറിയത്. പിന്നീട് ബബ്ലുവിനെയും അക്രമികള്‍ വെട്ടിക്കൊന്നു.
സംഭവത്തില്‍ തിവാരി കുടുംബവുമായി ബന്ധമുള്ള രണ്ടുപേരെ അറസ്റ് ചെയ്തിട്ടുണ്ട്. ദിലീപും സംഘവും വീട് പൂട്ടി കടന്നുകളഞ്ഞു.
മുംബൈയില്‍ പാല്‍ക്കച്ചവടത്തിലൂടെ ജീവിതം കരുപ്പിടിപ്പിയ്ക്കുകയായിരുന്നു കൃഷ്ണന്‍. ഡ്രൈവറായി ജോലി നോക്കുകയായിരുന്നു സുധി.












Click it and Unblock the Notifications