തിങ്കളാഴ്ച ഐ ഗ്രൂപ്പ് യോഗം
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്ക് ശേഷം ഗ്രൂപ്പ് രാഷ്ടീയത്തിലൂടെ വീണ്ടും സജീവമാകാന്‍ കരുണാകരന്‍ തയ്യാറെടുക്കുന്നു. മെയ് 24 തിങ്കളാഴ്ച തിരുവനന്തപുരം ജവാഹര്‍ നഗറിലെ തന്റെ വീട്ടില്‍ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരണമെന്ന് വിവിധ ഐ ഗ്രൂപ്പ് നേതാക്കളോട് കെ. കരുണാകരന്‍ ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.
തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഐ ഗ്രൂപ്പ് യോഗമാണിത്. കേന്ദ്രമന്ത്രിയാവുന്നതിനുള്ള കെ. കരുണാകരന്റെ നീക്കങ്ങള്‍ക്കുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കുക എന്നതായിരിക്കും ഗ്രൂപ്പ് യോഗത്തിന്റെ മുഖ്യഅജണ്ട.
അതിനിടയില്‍ മന്ത്രി കെ. വി. തോമസും അങ്കമാലി എംഎല്‍എ പി. ജെ. ജോയിയും ഐ ഗ്രൂപ്പിലേക്ക് മടങ്ങിവരുമെന്ന് അഭ്യൂഹമുണ്ട്. തോമസും കരുണാകരനുമായി വീണ്ടും അടുക്കുന്നതിന്റെ സൂചനകള്‍ തിരഞ്ഞെടുപ്പ് കാലത്ത് കണ്ടു തുടങ്ങിയതാണ്. എറണാകുളത്ത് പരാജയപ്പെട്ട എഡ്വേഡ് എടേഴത്തിന് തോമസിന്റെ പിന്തുണയുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചേക്കാവുന്ന നടപടികളുടെ ഭാഗമായി മന്ത്രിസഭാ പുന:സംഘടന ഉണ്ടാവുകയാണെങ്കില്‍ തന്റെ സ്ഥാനത്തിന് ഭീഷണി ഉയരാതിരിക്കാന്‍ കരുണാകരനുമായി വീണ്ടും അടുക്കുന്നതിന് തോമസ് ശ്രമിക്കുകയാണെന്നാണ് അറിയുന്നത്. തീരദേശ മേഖല തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൈവിട്ടതിന് കാരണം ഫിഷറീസ് മന്ത്രിയായ തോമസിന്റെ പിടിപ്പുകേടാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
അങ്കമാലി മണ്ഡലം അടുത്ത തിരഞ്ഞെടുപ്പിലും തനിക്ക് ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഗ്രൂപ്പ് വിട്ട പി. ജെ. ജോയി വീണ്ടും കരുണാകരനുമായി അടുക്കാന്‍ ശ്രമിക്കുന്നത്.
അതേ സമയം കരുണാകരനോടൊന്നിച്ച് വീണ്ടും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് ആത്മഹത്യാപരമാണെന്ന വീണ്ടുവിചാരം ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മുഖം നോക്കാതെ നടപടിയുണ്ടാവാന്‍ സാധ്യത നിലനില്‍ക്കെ കരുണാകരന്‍ വീണ്ടും സമ്മര്‍ദതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത് വിലപ്പോവുമോ എന്ന ആശങ്ക അവര്‍ക്കുണ്ട്.












Click it and Unblock the Notifications