സോണിയയ്ക്കെതിരായ പരാതി സുപ്രീംകോടതി തള്ളി
ദില്ലി: സോണിയാഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കരുതെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. മെയ് 24 തിങ്കളാഴ്ചയാണ് സുപ്രിംകോടതി ജസ്റിസ് രുമ പാലിന്റെ നേതൃത്വത്തിലുള്ള അവധിബെഞ്ച് ഈ പരാതി തള്ളിയത്.
സോണിയയെ പ്രധാനമന്ത്രിയാക്കരുതെന്ന് രാഷ്ട്രപതിയ്ക്ക് നിര്‍ദേശം നല്കണമെന്നതായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ സോണിയ സ്വയം പ്രധാനമന്ത്രി പദം നിരസിച്ചതിനാല്‍ ഈ ഹര്‍ജിയ്ക്ക് പ്രസക്തിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
ലഖ്നോവിലെ അഭിഭാഷകനായ അശോക് പാണ്ഡെയാണ് ഹര്‍ജി നല്കിയത്. പക്ഷെ തന്റെ പരാതി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ചിന് വിടണമെന്ന് ഹര്‍ജിക്കാരന്‍ നിര്‍ബന്ധിച്ചു. സോണിയയുടെ വിദേശപൗരത്വം ഇപ്പോഴും സജീവമായ പ്രശ്നമാണെന്നും ഇക്കാര്യം ഭരണഘടനാബെഞ്ച് തീരുമാനിയ്ക്കണമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
എന്നാല്‍ ഈ പ്രശ്നത്തില്‍ ഹരിശങ്കര്‍ ജെയിന്‍ കേസില്‍ കോടതി തീര്‍പ്പുണ്ടാക്കിയിരുന്നുവെന്ന് സുപ്രീംകോടതി വാദിച്ചെങ്കിലും ഹര്‍ജിക്കാരന്‍ വഴങ്ങിയില്ല. ഇന്ത്യന്‍ പൗരത്വമില്ലാത്തതിനാല്‍ സോണിയയെ അമേഠിയില്‍ മത്സരിയ്ക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരിശങ്കര്‍ ജെയിന്‍ പണ്ട് കേസ് നല്കിയിരുന്നത്.
എന്നാല്‍ ഈ കേസ് ഭരണഘടനാബെഞ്ചിന് വിടണമെന്ന് ഹര്‍ജിക്കാരനായ പാണ്ഡെ വാദിച്ചു. പരാതികള്‍ കേള്‍ക്കുക പോലും ചെയ്യാതെ കോടതി അത് തള്ളുകയാണെന്നും ഹര്‍ജിക്കാരന്‍ വിമര്‍ശിച്ചു. ഇതില്‍ ദേഷ്യപ്പെട്ട കോടതി ഹര്‍ജിക്കാരനോട് 20,000 രൂപ പിഴ കെട്ടിവയ്ക്കാനാവശ്യപ്പെട്ടു. ഹര്‍ജി തള്ളിയിട്ടും ഹര്‍ജിക്കാരന്‍ കോടതിമുറി വിടാതിരുന്നതിനെ തുടര്‍ന്ന് പിഴ 25,000ഉം പിന്നീട് 30,000 രൂപയും ആക്കി ഉയര്‍ത്തി.
എന്നിട്ടും പാണ്ഡെ കോടതിമുറി വിട്ടിറങ്ങാന്‍ വിസമ്മതിച്ചു. ഇനിയും കോടതി മുറി വിട്ടില്ലെങ്കില്‍ അറസ്റ് ചെയ്യേണ്ടിവരുമെന്ന് കോടതി ഭീഷണിപ്പെടുത്തിയപ്പോഴാണ് പാണ്ഡെ മുറി വിട്ടിറങ്ങിയത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ അഞ്ച ്പ്രകാരം സോണിയ ഇന്ത്യന്‍ പൗരയല്ലെന്നും അതിനാല്‍ അവരെ പ്രധാനമന്ത്രിയാക്കരുതെന്നും ആവശ്യപ്പെട്ട് മെയ് 17നാണ് പാണ്ഡെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയത്.
എന്നാല്‍ പിന്നീട് തന്റെ നടപടിയില്‍ ഹര്‍ജിക്കാരന്‍ മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ വിധിച്ചിരുന്ന 30,000 രൂപയുടെ പിഴ കോടതി റദ്ദാക്കി.












Click it and Unblock the Notifications