പരാജയകാരണം ഭരണത്തിലെ വീഴ്ച: ലീഗ്
മലപ്പുറം: മഞ്ചേരി ലോക്സഭാ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണം ഭരണത്തിലെ വീഴ്ചകളാണെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.
മഞ്ചേരിയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ കെ. പി. എ. മജീദ് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ യോഗം മജീദിന് നിര്‍ദേശം നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളും യുഡിഎഫിനെതിരായി ഉണ്ടായ ജനവികാരവും പൊലീസ് നയവും പരാജയകാരണങ്ങളാണെന്ന് യോഗം വിലയിരുത്തിയതായി യോഗത്തിന് ശേഷം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
വിശദമായ ചര്‍ച്ച നടത്തിയതിന് ശേഷം ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിക്കും. സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുക- അദ്ദേഹം വ്യക്തമാക്കി.
മജീദ് രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഒറ്റക്കെട്ടായി രാജിയെ എതിര്‍ത്തതായി കുഞ്ഞാലിക്കുട്ടി അറിയിച്ചു.
മെയ് 24 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തുടങ്ങിയ യോഗം വൈകീട്ട് അഞ്ച് മണിക്കാണ് സമാപിച്ചത്. പരാജയകാരണങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വിവിധ മണ്ഡലം കമ്മിറ്റികള്‍ യോഗത്തില്‍ സമര്‍പ്പിച്ചു.












Click it and Unblock the Notifications