ചെലവ് കുറഞ്ഞ വിമാനങ്ങള്‍ തുടങ്ങുന്നു
ദില്ലി: 25 ശതമാനം നിരക്ക് കുറഞ്ഞ വിമാനങ്ങള്‍ ഗള്‍ഫിലേക്കും തെക്ക് കിഴക്കന്‍ ഏഷ്യയിലേക്കും തുടങ്ങാന്‍ എയര്‍ ഇന്ത്യക്ക് പദ്ധതി.
2005 ഏപ്രിലോടെ ആദ്യഘട്ട സര്‍വീസ് തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഏപ്രില്‍ 21ന് നടന്ന എയര്‍ ഇന്ത്യ ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച കരട് രേഖ അവതരിപ്പിച്ചു.
ഒരു വര്‍ഷത്തിനുള്ളില്‍ ചെലവ് കുറഞ്ഞ 14 വിമാനങ്ങള്‍ സര്‍വീസിനായി ഉള്‍പ്പെടുത്തും. 2006 വേനല്‍ക്കാലത്തോടെ ആഴ്ചയില്‍ 127 സര്‍വീസുകള്‍ എയര്‍ ഇന്ത്യക്ക് നടത്താനാവും. ആറ് വിമാനങ്ങള്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തും. അടുത്ത വേനല്‍ക്കാലത്തോടെ 63 ചെലവ് കുറഞ്ഞ വിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുന്നത്.
ചെലവ് കുറഞ്ഞ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എയര്‍ ഇന്ത്യയുടെ ഒരു വിഭാഗമെന്ന നിലയിലായിരിക്കും. എന്നാല്‍ സ്വന്തമായ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ജീവനക്കാരുമായിട്ടായിരിക്കും അത് പ്രവര്‍ത്തിക്കുന്നത്. 95 കോടി രൂപയുടേതാണ് പദ്ധതി.
ആദ്യഘട്ടത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുളള ചെലവ് കുറഞ്ഞ സര്‍വീസുകള്‍ നടത്താനാണ് പദ്ധതിരേഖയിലെ നിര്‍ദേശം. അടുത്ത വേനല്‍ക്കാലത്തോടെ പ്രതിദിനം കൊച്ചി- അബുദാബി-മസ്കറ്റ്-കൊച്ചി സര്‍വീസും തുടങ്ങും.
തിരുവനന്തപുരത്തു നിന്നും കോഴിക്കോട് നിന്നും അബുദാബിയിലേക്കും മസ്കറ്റിലേക്കും പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തും. ആദ്യഘട്ടത്തില്‍ സിങ്കപ്പൂരില്‍ നിന്നും കൊലാലമ്പൂരില്‍ നിന്നും ചെന്നൈയിലേക്കുള്ള സര്‍വീസും തുടങ്ങും.
അടുത്ത ഘട്ടത്തോടെ (2005 ഒക്ടോബര്‍) നാല് വിമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തും. ഇതോടെ സര്‍വീസുകളുടെ എണ്ണം 101 ആവും. അവസാനഘട്ടത്തില്‍ കൊച്ചിയില്‍ നിന്നും കുവൈത്തിലേക്ക് ആഴ്ചയില്‍ രണ്ട് വട്ടം സര്‍വീസ് നടത്തും.












Click it and Unblock the Notifications