ബിജെപി നേതാക്കളുടെ യോഗം നടന്നു
ദില്ലി: ജൂണ്‍ രണ്ടിന് തുടങ്ങുന്ന ലോക്സഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ബിജെപിയുടെ ഉന്നതനേതാക്കളുടെ യോഗം മെയ് 26 ബുധനാഴ്ച ബിജെപി പ്രസിഡന്റ് എം. വെങ്കയ്യാനായിഡുവിന്റെ വീട്ടില്‍ നടന്നു.
മുന്‍ കേന്ദ്രമന്ത്രിമാരായ എല്‍. കെ. അദ്വാനി, ജസ്വന്ത്സിംഗ്, സുഷമാ സ്വരാജ്, പാര്‍ലമെന്ററി പാര്‍ട്ടി വക്താവ് വി. കെ. മല്‍ഹോത്ര, പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുക്തര്‍ അബാസ് നഖ്വി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സംഘടനാ പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയിയുമായി ബിജെപിയുടെ ഉന്നത നേതാക്കള്‍ ചൊവാഴ്ച അദ്ദേഹത്തിന്റെ വീട്ടില്‍ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ജൂണ്‍ ഒന്നിന് നടക്കും. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് വാജ്പേയി അറിയിച്ച സാഹചര്യത്തില്‍ എല്‍. കെ. അദ്വാനിയായിരിക്കും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടുന്നത്.
പുതിയ സര്‍ക്കാരിലെ വിവിധ കേസുകളില്‍ കുറ്റപത്രം ലഭിച്ച മന്ത്രിമാര്‍ക്കെതിരായ നീക്കം ബിജെപിയുടെ ഭാഗത്തു നിന്നുണ്ടാവുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications