സോമനാഥ് ചാറ്റര്‍ജി ലോക്സഭാ സ്പീക്കറാകും
ദില്ലി: സിപിഎം കേന്ദ്രസമിതി അംഗം സോമനാഥ് ചാറ്റര്‍ജി ലോക്സഭാ സ്പീക്കറാകും. ഇതുസംബന്ധിച്ച ഐക്യപുരോഗമനമുന്നണി (യുപിഎ)യുടെ അഭ്യര്‍ഥന പൊളിറ്റ് ബ്യൂറോ അംഗീകരിച്ചതായി മെയ് 25 ചൊവാഴ്ച ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം സിപിഎം അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് അറിയിച്ചു.
സോമനാഥ് ചാറ്റര്‍ജിയെയാണ് നേരത്തെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നത്. ചാറ്റര്‍ജി സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കുന്നതിനാല്‍ ബസുദേവ് ഭട്ടാചാര്യ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകും.
സിപിഎമ്മിന്റെ തീരുമാനം അംഗീകരിക്കുമെന്ന് ഇടതുപക്ഷ കക്ഷികളായ സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ അറിയിച്ചിരുന്നു. ഇടതുനേതാവ് സ്പീക്കറാവുന്നതിനോട് ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ തീരുമാനം അംഗീകരിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു.
ജൂണ്‍ നാലിനാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ചാറ്റര്‍ജിയെ സ്പീക്കറാക്കാന്‍ കഴിഞ്ഞയാഴ്ച ദില്ലിയില്‍ ചേര്‍ന്ന കേന്ദ്രസമിതി യോഗത്തില്‍ ധാരണയുണ്ടായിരുന്നെങ്കിലും യുപിഎയുടെ പൊതുമിനിമം പരിപാടി പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്താല്‍ മതിയെന്നായിരുന്നു തീരുമാനം. അത് പ്രകാരം പൊതുമിനിമം പരിപാടിയെ കുറിച്ച് ചര്‍ച്ച ചെയ്തതിന് ശേഷമാണ് ചാറ്റര്‍ജിയെ സ്പീക്കറാക്കാമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനിച്ചത്.
സ്പീക്കര്‍ പദവി, പൊതുമിനിമം പരിപാടി എന്നിവയെ കുറിച്ച് ബുധനാഴ്ച നടക്കുന്ന ഇടതുപാര്‍ട്ടികളുടെ യോഗത്തിന് ശേഷമായിരിക്കും സ്പീക്കര്‍ പദവി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിപിഎം ഔദ്യോഗികമായി യുപിഎയെ അറിയിക്കുന്നത്.
33 വര്‍ഷത്തെ പാര്‍ലമെന്റിപ്രവര്‍ത്തന പാരമ്പര്യമുള്ള സോമനാഥ് ചാറ്റര്‍ജി ലോക്സഭയിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. ലോക്സഭാ സ്പീക്കറാവുന്ന ആദ്യത്തെ കമ്യൂണിസ്റ് എന്ന പദവി ഇനി അദ്ദേഹത്തിനുള്ളതാണ്.












Click it and Unblock the Notifications