പുതിയ ഫോര്‍മുലയുമായി മുരളി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയിലും പാര്‍ട്ടിയിലും പുന:സംഘടനയും ഐക്യവും നടപ്പിലാക്കുന്നതിനുള്ള ഒരു പുതിയ ഫോര്‍മുല കെ. മുരളീധരന്‍ മുന്നോട്ടുവച്ചതായി അറിയുന്നു.
എല്ലാ ഗ്രൂപ്പുകള്‍ക്കും സ്വീകാര്യമാവുന്ന ഫോര്‍മുലയാണ് മുരളീധരന്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ഈ ഫോര്‍മുല സംബന്ധിച്ച് മുരളി ചര്‍ച്ച നടത്തിവരികയാണ്.
ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കുകയും രമേശ് ചെന്നിത്തലയെ കെപിസിസി പ്രസിഡന്റാക്കുകയും ചെയ്യുക എന്നതാണ് മുരളിയുടെ പാക്കേജിലെ നിര്‍ദേശം. വയലാര്‍ രവിയെ കേന്ദ്രമന്ത്രിയാക്കാനും നിര്‍ദേശമുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാവുന്നതോടെ ഒഴിയുന്ന യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം തനിക്ക് ലഭിക്കണമെന്നാണ് മുരളിയുടെ ആവശ്യം.
എ. കെ. ആന്റണിയെയും കെ. കരുണാകരനെയും അധികാരസ്ഥാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയുള്ള ഈ ഫോര്‍മുല എല്ലാ ഗ്രൂപ്പുകള്‍ക്കും ഹൈക്കമാന്റിനും സ്വീകാര്യമാവുമെന്നാണ് മുരളിയുടെ കണക്കുകൂട്ടല്‍. ഹൈക്കമാന്റിന്റെ അതൃപ്തിക്ക് കാര്യമായി പാത്രമാവാത്ത ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും സര്‍ക്കാരിന്റെയും സംഘടനയുടെയും ഉന്നതസ്ഥാനങ്ങള്‍ നല്‍കുക എന്ന നിര്‍ദേശം ഹൈക്കമാന്റിന് അസ്വീകാര്യമാവില്ല എന്ന് മുരളി കരുതുന്നു. കൂട്ടത്തില്‍ തനിക്കും ഒരു പ്രധാന സ്ഥാനം നേടിയെടുക്കാനാവുമെന്ന് മുരളി കണക്കുകൂട്ടുന്നു.
മറ്റൊരു രീതിയിലുണ്ടാവുന്ന പുന:സംഘടനയില്‍ തനിക്കും സ്ഥാനങ്ങളൊന്നും ലഭിച്ചേക്കില്ലെന്ന ആശങ്കയാണ് മുരളിയെ ഇങ്ങനെയൊരു ഫോര്‍മുലയ്ക്ക് രൂപം നല്‍കാന്‍ പ്രേരിപ്പിച്ചത്. വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയോടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട മുരളി തന്റെ രാഷ്ട്രീയഭാവി ഇരുട്ടിലാവുന്ന സ്ഥിതി ഒഴിവാക്കാനാണ് എല്ലാ ഗ്രൂപ്പുകളെയും അനുനയിപ്പിക്കുന്ന ഇത്തരമൊരു ഫോര്‍മുല മുന്നോട്ടുവച്ചിരിക്കുന്നത്.
കെ. കരുണാകരന് സ്വീകാര്യമായില്ലെങ്കിലും ഈ ഫോര്‍മുലയുമായി മുന്നോട്ടുപോവാനാണ് മുരളിയുടെ തീരുമാനം. കെ. കരുണാകരന്‍ വിളിച്ചുചേര്‍ത്ത ഗ്രൂപ്പ് യോഗത്തില്‍ മുരളി പങ്കെടുക്കാതിരുന്നത് തത്കാലം ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് കൂടുതല്‍ പരിക്കുകള്‍ ഉണ്ടാവുന്നത് ഒഴിവാക്കുന്നതാണ് നല്ലത് എന്ന കണക്കുക്കൂട്ടലിന്റെ ഭാഗമായാണ്.












Click it and Unblock the Notifications