അറ്റസ്റേഷന്‍ എളുപ്പമാക്കണം: വഹാബ്
കോഴിക്കോട്: ഗള്‍ഫ് നാടുകളില്‍ ജോലി തേടിപ്പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗിന്റെ രാജ്യസഭാ എംപി പി. വി. അബ്ദുള്‍വഹാബ് ആവശ്യപ്പെട്ടു.
ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കേരള ആഭ്യന്തരവകുപ്പും വിദേശമന്ത്രാലയങ്ങളും സാക്ഷ്യപ്പെടുത്തുന്നതിനായി കെട്ടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്. ഈ സ്ഥിതിവിശേഷം മാറണം. കാലതാമസം ഒഴിവാക്കുന്നതിനായി സര്‍ട്ടിഫിക്കറ്റുകള്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി സാക്ഷ്യപ്പെടുത്തുകയും ഇന്ത്യന്‍ എംബസി മേലൊപ്പ് വയ്ക്കുകയും ചെയ്യുന്ന പുതിയ ക്രമീകരണം ഏര്‍പ്പെടുത്തണം.
മെയ് 27 വ്യാഴാഴ്ച കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വഹാബ്.
ഗള്‍ഫ് മലയാളികള്‍ക്ക് അവിടെ താമസിച്ചുകൊണ്ടുതന്നെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശം നല്‍കണം. പല രാജ്യങ്ങളിലും ഈ സൗകര്യമുണ്ട്. ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്നവരെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതി നടപ്പിലാക്കണം.
വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ക്ക് മാത്രമായി കേന്ദ്രത്തില്‍ ഒരു വകുപ്പ് രൂപീകരിച്ചത് നല്ല കാര്യമാണെന്ന് വഹാബ് പറഞ്ഞു.












Click it and Unblock the Notifications