നരേന്ദ്ര മോഡിയുടെ കസേര തെറിയ്ക്കുമോ?
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയ്ക്കെതിരെ ബി ജെ പിയില്‍ തന്നെ കലാപം. സ്വന്തം നിയമസഭയിലെ 58 ബി ജെ പി എം എല്‍ എ മാരാണ് മോഡി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയിരിയ്ക്കുന്നത്.
ആകെ 127 എം എല്‍ എ മാരാണ് ഗുജറാത്ത് നിയമസഭയില്‍ ബിജെപിയ്ക്ക് ഉള്ളത്.
ഗുജറാത്തിലെ സര്‍ക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേന്ദ്ര നേതൃത്ത്വത്തെ അറിയിയ്ക്കാനായി നേതാക്കള്‍ അഹമ്മദാബാദില്‍ നിന്ന് ദില്ലിയിലെത്തിയിട്ടുണ്ട്.
പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കേറ്റ പരാജയത്തിന് മോഡി പ്രധാന കാരണക്കാരനാണെന്നാണ് ഇവരുടെ വാദം. ഭാവ് നഗറില്‍ നിന്നുള്ള ബി ജെ പി എം എല്‍എ പുരുഷോത്തം സോളങ്കിയാണ് മോഡിയ്ക്കെതിരെ പട നയിയ്ക്കുന്നത്. ഗുജറാത്ത് കലാപം ബി.ജെ.പിയുടെ തോല്‍വിക്ക് കാരണമായെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം വിലയിരുത്തിയതും വിമതരുടെ നീക്കങ്ങള്‍ക്ക് കരുത്തു പകരുന്നു.
മോഡി പാര്‍ട്ടിയും സര്‍ക്കാരും നയിയ്ക്കുന്നത് ഏകാധിപതിയെപ്പോലെയാണെന്നാണ് സോളങ്കി പറയുന്നത്. മുന്‍മുഖ്യമന്ത്രി കേശുഭായി പട്ടേലിന്റെ ആശീര്‍വാദത്തോടെയാണ് സോളങ്കിയുടെ നീക്കം.
ഗുജറാത്ത് ബിജെപിയില്‍ കേശുഭായ് പട്ടേലിന്റെ നേതൃത്ത്വത്തില്‍ ഒരു വിഭാഗം മോഡി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇവര്‍ പരസ്യമായി രംഗത്ത് എത്തുന്നത് ഇത് ആദ്യമായാണ്.
എന്നാല്‍ മോഡിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ ബി.ജെ.പി. ദേശീയ നേതൃത്വം ശ്രമിക്കുന്നുണ്ട്. മോഡിയെ മാറ്റിയാല്‍ പുതിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് നേതൃത്വം കരുതുന്നു. സംഘടനയില്‍ കൂടുതല്‍ സ്ഥാനം നല്‍കി വിമതരെ ഒതുക്കാനുളള നീക്കമാണ് നടക്കുന്നത്.












Click it and Unblock the Notifications