ഇയാദ് അല്ലാവി ഇറാഖ് പ്രധാനമന്ത്രിയാകും
ബാഗ്ദാദ്: ഇറാഖില്‍ ജൂണ്‍ 30 ന് രൂപീകരിയ്ക്കുന്ന ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി ഇയാദ് അല്ലാവി ചുമതലയേല്ക്കുമെന്നറിയുന്നു. ഇറാഖിലെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിയ്ക്കുന്നതിന് യുഎസ് നിയോഗിച്ച പ്രതിനിധിയായ ലഖ്തര്‍ ബ്രാഹിമി പ്രധാനമന്ത്രിസ്ഥാനത്തേയ്ക്ക് ഇയാദ് അല്ലാവിയുടെ പേര് നിര്‍ദേശിച്ചതായി അറിയുന്നു.
30 വര്‍ഷം വിദേശത്ത്ചെലവഴിച്ച ആളാണ് അല്ലാവി. ബ്രിട്ടനില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്ന ആദ്യകാലത്ത് സദ്ദാമിന്റെ ബാത്ത്പാര്‍ട്ടിയുടെ വക്താവായിരുന്നു. പക്ഷെ പിന്നീട് യുഎസ് രഹസ്യഏജന്‍സിയായ സിഐഎയുടെ വക്താവായി. യുഎസ് നിയന്ത്രണത്തിലുള്ള ഇപ്പോഴത്തെ ഭരണകൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചശേഷം മാത്രമേ ലഖ്തര്‍ ബ്രാഹിമി പ്രധാനമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിയ്ക്കൂ.
അതിനിടെ പുതിയ ഇടക്കാല സര്‍ക്കാരിലെ അംഗങ്ങളെ തീരുമാനിയ്ക്കുന്നതിനുള്ള ചര്‍ച്ചകള്‍ മെയ് 29 ശനിയാഴ്ച അല്ലാവി തുടങ്ങിവച്ചാതായി റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച അദ്ദേഹം ഉയര്‍ന്ന യുഎസ്, ഇറാഖി ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായി വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇയാദ് അല്ലാവിയെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തെ ഐക്യരാഷ്ട്രസമിതി സ്വാഗതം ചെയ്തിട്ടുണ്ട്. അദ്ദേഹവുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുമെന്ന് ശനിയാഴ്ച ഐക്യരാഷ്ട്രരക്ഷാസമിതി സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഷിയാ മുസ്ലിമാണെങ്കിലും ഒരു മതേതര മുസ്ലിമായിട്ടാണ് ഇയാദ് അല്ലാവി പരിഗണിക്കപ്പെടുന്നത്. പ്രധാനമന്ത്രിയെക്കൂടാതെ ഒരു പ്രസിഡന്റും രണ്ട് വൈസ് പ്രസിഡന്റുമാരും 26 മന്ത്രിമാരും ഉള്‍പ്പെടുന്നതായിരിക്കും ഇറാഖിലെ പുതിയ ഇടക്കാല സര്‍ക്കാര്‍. സുന്നി വിഭാഗത്തില്‍ നിന്നായിരിക്കും പ്രസിഡന്റിനെ നിയോഗിക്കുക. രണ്ട് വൈസ് പ്രസിഡന്റുമാരില്‍ ഓരോരുത്തരും യഥാക്രമം ഷിയാ, കുര്‍ദ് വിഭാഗക്കാരായിരിക്കും. 26 മന്ത്രിസ്ഥാനങ്ങളിലേക്ക് ഇറാഖിലെ വിവിധ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്കും.












Click it and Unblock the Notifications