സൗദിയില്‍ തീവ്രവാദി ആക്രമണം;5മരണം
റിയാദ്: സൗദി അറേബ്യയിലെ ഖൊബാറില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ മൂന്ന് പാശ്ചാത്യഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ഖൊബാര്‍. പാശ്ചാത്യഉദ്യോഗസ്ഥര്‍ താമസിയ്ക്കുന്ന നാല് കെട്ടിടവളപ്പുകളിലേക്ക് തീവ്രവാദികള്‍ കടന്നുകയറി വെടിയുതിര്‍ക്കുകയായിരുന്നു. ഒട്ടേറെ പാശ്ചാത്യരെ തീവ്രവാദികള്‍ ബന്ദികളാക്കിയിട്ടുണ്ടെന്നും അറിയുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒസാമ ബിന്‍ലാദന്റെ അല്‍ ക്വെയ്ദ ഏറ്റെടുത്തതായി ഒരു ഇസ്ലാമിക വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാശ്ചാത്യര്‍ക്കെതിരെ ഒരു മാസത്തിനകം സൗദിയില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
പാശ്ചാത്യഎണ്ണക്കമ്പനികളുടെ ഓഫീസുകള്‍ പ്രവര്‍ത്തിയ്ക്കുന്ന അല്‍-ഖൊബാര്‍ പെട്രോളിയം സെന്റര്‍ ബില്‍ഡിംഗിനെതിരെയാണ് ആദ്യം തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. പിന്നീട് അവര്‍ എണ്ണക്കമ്പനികളില്‍ ജോലിചെയ്യുന്ന പാശ്ചാത്യഉദ്യോഗസ്ഥര്‍ താമസിയ്ക്കുന്ന കെട്ടിടങ്ങള്‍ ഉള്‍പ്പെട്ട വളപ്പിലേക്ക് കടന്നുകയറി വെടിയുതിര്‍ത്തു.
പിന്നീട് റാമി, ഒയാസിസ് എന്നീ പാശ്ചാത്യ ഉദ്യോഗസ്ഥര്‍ താമസിയ്ക്കുന്ന കെട്ടിടസമുച്ചയങ്ങളിലേക്ക് തീവ്രവാദികള്‍ കടന്നു വെടിയുതിര്‍ത്തു. ഇവിടെ ഷെല്‍, ഹണിവെല്‍, ജനറല്‍ ഇലക്ട്രിക് എന്നീ കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ താമസിയ്ക്കുന്നുണ്ട്. ഇവിടുത്തെ ഏതാനും പാശ്ചാത്യരെ തീവ്രവാദികള്‍ ബന്ദികളാക്കിയിട്ടുണ്ടെന്നും അറിയുന്നു. ആകെ അഞ്ച് തീവ്രവാദികളാണ് ആക്രമണസംഘത്തിലുള്ളത്. ഈ കെട്ടിടം സൗദി പൊലീസ് വളഞ്ഞിട്ടുണ്ട്.
സൈനികവേഷം ധരിച്ചാണ് തീവ്രവാദികള്‍ എത്തിയത്. ഒരു ചെറിയകാറിലാണ് തീവ്രവാദികള്‍ എത്തിയതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഈ ചെറിയകാറിന് അകമ്പടിയായി ഒരു സ്പോര്‍ട്സ് കാറും ഉണ്ടായിരുന്നുവെന്നും പറയുന്നു.












Click it and Unblock the Notifications