സിപിഎം: ആലപ്പുഴ നേതാക്കള്‍ പ്രതിക്കൂട്ടില്‍
ആലപ്പുഴ: ഒരു കോടിയിലേറെ രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് ചില പ്രമുഖ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തു.
മുന്‍ ജില്ലാസെക്രട്ടറി വി. കേശവന്‍, സംസ്ഥാന കമ്മിറ്റിയംഗം സി. കെ. സദാശിവന്‍, സിഐടിയു ജില്ലാ സെക്രട്ടറി കെ. പ്രസാദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി. ജി. കുട്ടപ്പന്‍, എന്‍. രാമകൃഷ്ണന്‍നായര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് ശുപാര്‍ശ.
തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ശുപാര്‍ശ സംബന്ധിച്ച് തീരുമാനമുണ്ടാവും. ജൂണ്‍ ഒന്ന് ചൊവാഴ്ചയാണ് യോഗം സമാപിക്കുന്നത്. വി. കേശവനെ സസ്പെന്റ് ചെയ്യാനിടയുണ്ടെന്ന് അറിയുന്നു. മറ്റുള്ളവരെ താക്കീത് ചെയ്തേക്കും. മെയ് 26ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി എം. എ. ബേബി അവതരിപ്പിച്ചത്.
വി. കേശവന്‍ ജില്ലാ സെക്രട്ടറിയായിരുന്ന 1998-2001 കാലയളവില്‍ ജില്ലാ കമ്മിറ്റിയുടെ വരവ്, ചെലവ് കണക്കുകളില്‍ ഒരു കോടിയിലേറെ രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.
മുന്‍ ജില്ലാ കമ്മിറ്റിയുടെ പക്കല്‍നിന്നും പണം കിട്ടാനുണ്ടെന്ന് പറഞ്ഞ് 2002ലെ ജില്ലാ സമ്മേളനത്തിന് ശേഷം നിലവില്‍ വന്ന ജി. സുധാകരന്‍ സെക്രട്ടറിയായ ജില്ലാ കമ്മിറ്റിക്ക് പലരും പരാതി നല്‍കിയിരുന്നു. പരാതികളെ തുടര്‍ന്ന് ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൂന്നംഗസമിതിയെ നിയോഗിച്ചുവെങ്കിലും ആലപ്പുഴ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതിനാല്‍ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല.
പിന്നീട് പുതിയ ജില്ലാ സെക്രട്ടറിയായി സ്ഥാനമേറ്റ എം. എ. ബേബി പരാതികളുടെ അടിസ്ഥാനത്തില്‍ 1998-2001 കാലയളവിലെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിനായി എറണാകുളത്തെ ഒരു സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനത്തെ ഏല്പിച്ചു. ഈ സ്ഥാപനം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് തെളിഞ്ഞത്.












Click it and Unblock the Notifications