ഫ്രണ്ട്സ് ഓഫ് സിനിമ രൂപീകരിച്ചു
കൊച്ചി: മലയാള ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് പുതിയൊരു സംഘടന കൂടി- പേര് ഫ്രണ്ട്സ് ഓഫ് സിനിമ. സിനിമയിലെ എല്ലാ വിഭാഗം വ്യക്തികളുടെയും കൂട്ടായ വേദിയൊരുക്കുകയാണ് ലക്ഷ്യമെന്ന് സംഘടനയുമായി ബന്ധമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
ഫ്രണ്ട്സിന്റെ ചെയര്‍മാനായി സംവിധായകന്‍ ജോഷിയേയും കണ്‍വീനറായി സംവിധായകന്‍ സിദ്ദിഖിനെയും തിരഞ്ഞെടുത്തു. ദിലീപാണ് ട്രഷറര്‍. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ചേംബറുമായി ഇടഞ്ഞുനില്ക്കുന്ന സംവിധായകരും അഭിനേതാക്കളുമെല്ലാം പുതിയ സംഘടനയില്‍ കൈകോര്‍ക്കും.
എന്നാല്‍ ചേംബറുമായി ഏറ്റുമുട്ടലല്ല ലക്ഷ്യമെന്നും മലയാള സിനിമയ്ക്ക് നഷ്ടമായ സൗഹൃദം പുനസ്ഥാപിയ്ക്കുമെന്നും ഫ്രണ്ട്സ് വ്യക്തമാക്കി. സിനിമാരംഗത്തെ സംഘടനകള്‍ പരസ്പരം പോര്‍വിളി മുഴക്കിയപ്പോഴും ആരെയും മുറിവേല്പിക്കേണ്ട എന്ന് കരുതി മാറിനിന്നവരാണ് ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് സംവിധായകന്‍ ഫാസില്‍ പറഞ്ഞു.
ആദ്യകാല നിര്‍മ്മാതാവ് ടി.ഇ. വാസുദേവന്‍ ഫ്രണ്ട്സിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. നിര്‍മ്മാതാക്കളും വിതരണക്കാരുമായ സ്വര്‍ഗചിത്ര അപ്പച്ചനും അരോമമണിയുമുള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
സിനിമാതര്‍ക്കം പരിഹരിയ്ക്കാന്‍ അമ്മ ഭാരവാഹികള്‍ ചേംബറുമായി നടത്തുന്ന ചര്‍ച്ച വിജയിക്കുമെന്ന് പുതിയ സംഘടനയുടെ ഭരണസമിതി അംഗമായ രണ്‍ജി പണിക്കര്‍ പറഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍, ഫാസില്‍, രണ്‍ജി പണിക്കര്‍ , ഷാജി കൈലാസ്, രഞ്ജിത്, ശ്രീനിവാസന്‍, ലോഹിതദാസ്, സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍, അരോമ മണി, ലാല്‍ ജോസ്, കുഞ്ചാക്കോ ബോബന്‍, എസ്.എന്‍. സ്വാമി, സത്യന്‍ അന്തിക്കാട് എന്നിവര്‍ ഭരണസമിതി അംഗങ്ങളാണ്.












Click it and Unblock the Notifications