ഐക്യമുന്നണി യോഗം ചൊവാഴ്ച
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ഐക്യമുന്നണിയ്ക്കേറ്റ കനത്ത പരാജയത്തിന് ശേഷം ആദ്യ മുന്നണിയോഗം ജൂണ്‍ ഒന്ന് ചൊവാഴ്ച തിരുവനന്തപുരത്ത് നടക്കുകയാണ്.
ഇതില്‍ ഘടക കക്ഷികള്‍ മുഖ്യമന്ത്രി ആന്റണിയ്ക്കും കോണ്‍ഗ്രസിനും എതിരെ ശബ്ദം ഉയര്‍ത്തുമോ എന്ന് കണ്ട് അറിയണം. നേരത്തേ ഇതിനായി കരുതിക്കൂട്ടി ഇരുന്നതാണ് പല കക്ഷികളും. എന്നാല്‍ മന്ത്രിസഭ ആകെ അഴിച്ച് പണിയണമെന്ന നിര്‍ദ്ദേശം വന്നതോടെ ഘടക കക്ഷികള്‍ വായ് അടക്കിയിരിയ്ക്കുകയാണ്. കോവളത്തെ സര്‍ക്കാര്‍ ഗസ്റ് ഹൗസിലാണ് യോഗം നടക്കുന്നത്.
തോല്‍വിയ്ക്ക് കാരണം കണ്ടെത്തുകയും അതിന് പരിഹാരം നിര്‍ദ്ദേശിയ്ക്കുകയും ആയിരിയ്ക്കും യോഗത്തിന്റെ പ്രധാന ഉദ്ദേശം. തോല്‍വിയ്ക്ക് കാരണമായ കാര്യങ്ങള്‍ കണ്ടെത്താനായാല്‍ ഇനി മുന്നണിയെ എങ്ങനെ ജനമദ്ധ്യത്തില്‍ മികച്ച മുന്നണിയായി അവതരിപ്പിയ്ക്കാമെന്നതായിരിയ്ക്കും പ്രധാന ചര്‍ച്ചാ വിഷയം.
സര്‍ക്കാര്‍ പ്രവര്‍ത്തന ശൈലി മാറ്റണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ട് കഴിഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലി മാറ്റണമെന്നാണ് പ്രകടമായി ലീഗ് ആവശ്യപ്പെട്ടതെങ്കിലും അവര്‍ ഉന്നം വയ്ക്കുന്നത് മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ പ്രവര്‍ത്തന ശൈലിയാണ്. ഇതിന് ഫലം കണ്ടെന്ന് വേണം കരുതാന്‍. മേയ് 31 ന് നടന്ന പുതിയ സബ് ഇന്‍സ്പക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി തന്റെ ഇതുവരെയുള്ള നയത്തില്‍ നിന്ന് വ്യത്യസ്ഥമായി ഒരു പ്രസ്ഥാവന നടത്തി. പൊലീസുകാര്‍ പൊതുപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങളും കേള്‍ക്കണമെന്നായിരുന്നു അത്. പൊലീസുകാരെ ആന്റണി സര്‍വതന്ത്ര സ്വതന്ത്രരായി വിടുന്നു എന്നത് സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ ഘടക കക്ഷികള്‍ ഉന്നയിയ്ക്കുന്ന ആരോപണമാണ്. ചൊവാഴ്ച നടക്കുന്ന യോഗത്തില്‍ ഘടക കക്ഷികളുടെ ആരോപണത്തിന്റെ മൂര്‍ച്ച കുറയ്ക്കാനാണ് യോഗ തലേന്ന് തന്നെ ആന്റണി ഇത്തരം ഒരു പ്രസ്താവന നടത്തിയത്.
കോവളത്ത് നടക്കുന്ന യോഗം ഏത് ദിശയിലേയ്ക്ക് വിരള്‍ ചൂണ്ടുമെന്നത് എത്രയും പ്രധാനമാണ്. അതുകൊണ്ടുതന്നെ ചൊവാഴ്ചത്തെ യോഗം നിര്‍ണായകമാവുമാണ്.
കോണ്‍ഗ്രസ് തങ്ങള്‍ക്കേറ്റ പരാജയത്തെ ഇതുവരെ വിശകലനം ചെയ്തിട്ടില്ല. ഇത് കാരണം മുന്നണി യോഗത്തില്‍ കോണ്‍ഗ്രസില്‍ തന്നെ അഭിപ്രായ ഭിന്നത ഉണ്ടായേയ്ക്കും. കോണ്‍ഗ്രസ് മാത്രമല്ല കേരളാ കോണ്‍ഗ്രസ് മാണിയ്ക്കും അപ്രതീക്ഷിതമായ പരാജയമാണ് മൂവാറ്റുപുഴയില്‍ ഉണ്ടായത്. ഇത് അവരും പാര്‍ട്ടി തലത്തില്‍ വിശകലനം ചെയ്തിട്ടില്ല. അവിടെ മാണിയുടെ അഭിപ്രായത്തില്‍ കവിഞ്ഞ് മറ്റാരുടേയും അഭിപ്രായങ്ങള്‍ക്ക് കാര്യമായ വിലയില്ലാത്തതുകൊണ്ട് പാര്‍ട്ടി തലത്തില്‍ വിശകലനം നടക്കാത്തത് പ്രശ്നമല്ല.
മഞ്ചേരിയില്‍ ലീഗിനും മൂവാറ്റുപുഴയില്‍ കേരളാ കോണ്‍ഗ്രസ് മാണിയ്ക്കും ഏറ്റ പരാജയം മറച്ച് വയ്ക്കാനായി അവര്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് പ്രധാന വിഷയമായി യോഗത്തില്‍ അലക്കാനായിരിയ്ക്കും ശ്രമിയ്ക്കുക.
അടൂരില്‍ ആര്‍. ബാലകൃഷ്ണപിള്ളയും മൂവാറ്റുപുഴയില്‍ ടി.എം. ജേക്കബും എടുത്ത നിലപാടിനെപ്പറ്റി മുന്നണി നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. അതുസംബന്ധിച്ച വിശദീകരണങ്ങളും ഉണ്ടാകണം. പക്ഷേ കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ പല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും എതിരെ പ്രവര്‍ത്തിച്ചിട്ടുള്ള സ്ഥിതിയ്ക്ക് പിള്ള, ജേക്കബ് പ്രശ്നത്തിന് വേണ്ടത്ര പ്രാധാന്യം കിട്ടിയെന്ന് വരില്ല. അവര്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തടിയൂരാനാണ് സാദ്ധ്യത.
യു.ഡി.എഫിന് സ്വന്തമായിരുന്ന ന്യൂനപക്ഷ വോട്ടുകളില്‍ എങ്ങനെ വന്‍തോതില്‍ ചോര്‍ച്ചയുണ്ടായി എന്നത് യോഗത്തിന്റെ സജീവ ചര്‍ച്ചയ്ക്ക് വിഷയീഭവിക്കുന്ന ഒന്നാണ്. ഇതിന് കാരണമായി ലീഗ് ആന്റണിയുടെ പഴയ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന എടുത്തിട്ടേയ്ക്കും.
ഇതൊക്കെ ചര്‍ച്ചാ വിഷയമാവുമ്പോള്‍ രാഷ്ട്രീയക്കാരും ഒപ്പം ജനവും മറന്ന് പോവുന്ന ഒരു വിഷയമുണ്ട്. അത് കേരളത്തിന്റെ വികസനമാണ്. അതിനെക്കുറിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇപ്പോള്‍ മിണ്ടുന്നില്ല. എല്ലാ പാര്‍ട്ടികള്‍ക്കും ഇപ്പോള്‍ പ്രധാനം കേരളത്തിന്റെ വികസനമല്ല, പകരം അവര്‍ക്കേറ്റ പരാജയം മാത്രമാണ്.












Click it and Unblock the Notifications