തോമസ് ഐസക്കിന് സിപിഎമ്മില്‍ വിമര്‍ശനം
തിരുവനന്തപുരം: മൂവാറ്റുപുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി.എം. ഇസ്മായീല്‍ തോറ്റ സംഭവം സിപിഎമ്മിനുള്ളില്‍ വിവാദമാവുന്നു. ഇതിന്റെ പേരില്‍ മൂവാറ്റുപുഴയില്‍ പാര്‍ട്ടിയുടെ മുഖ്യതിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്ന തോമസ് ഐസക്ക് എംഎല്‍എയ്ക്കെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ രൂക്ഷവിമര്‍ശനം ഉയരുന്നു.
വിദേശഫണ്ട് വാങ്ങിയതിന്റെ പേരിലും ജനകീയാസൂത്രണത്തിന്റെ പേരിലും സിപിഎമ്മിനുള്ളില്‍ ക്രൂശിക്കപ്പെട്ട തോമസ് ഐസക്ക് ഒരിയ്ക്കല്‍ കൂടി പാര്‍ട്ടിയ്ക്കുള്ളില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. തോമസ് ഐസക്കിന് പുറമെ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറിയും സിപിഎം നേതാവുമായ കെ.ജെ. തോമസിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. സിപിഎം സംസ്ഥാനകമ്മിറ്റിയോഗത്തിലാണ് ഇവര്‍ക്കിരുവര്‍ക്കും എതിരെ നടപടിയെടുക്കണമെന്ന് എറണാകുളം കമ്മിറ്റി ആവശ്യം ഉയര്‍ത്തിയിരിയ്ക്കുന്നത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മുന്‍കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് 529 വോട്ടുകള്‍ക്കാണ് ഇസ്മായീലിനെ തോല്പിച്ചത്. മൂവാറ്റുപുഴയില്‍ കേരളാ കോണ്‍ഗ്രസ്(ജോസഫ്), കേരളകോണ്‍ഗ്രസ്(സെക്യുലര്‍) വിഭാഗങ്ങള്‍ വോട്ട് മറിച്ചതായി തെളിവുണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിയ്ക്കുന്നു. അതിനാല്‍ ഈ രണ്ട് കൂട്ടരെയും ഇടതുമുന്നണിയില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് തോമസ് ഐസക്ക് എംഎല്‍എ ആത്മാര്‍ത്ഥസമീപനം പുലര്‍ത്തിയില്ലെന്നും പരാതിയുണ്ട്. ഫിബ്രവരി എട്ട് മുതല്‍ മെയ് 10 വരെയുള്ള ഒരുദിവസങ്ങളിലും തോമസ് ഐസക്ക് മൂവാറ്റുപുഴയില്‍ തങ്ങിയില്ലെന്നും പരാതിയുണ്ട്. റവന്യൂമന്ത്രി കെ.എം. മാണിയെപ്പോലെയുള്ളവര്‍ പോലും മൂവാറ്റുപുഴയില്‍ താമസിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുമ്പോഴായിരുന്നു ഇത്.
മൂവാറ്റുപുഴ തിരഞ്ഞെടുപ്പില്‍ കോട്ടയം കമ്മിറ്റിയ്ക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. മൂവാറ്റുപുഴയില്‍ ജയം ഉറപ്പാണെന്ന ധാരണയില്‍ കാഞ്ഞിരപ്പിള്ളി, പൂഞ്ഞാര്‍, പാലാ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെ സുരേഷ്കുറുപ്പിന്റെ പ്രവര്‍ത്തനത്തിനായി കോട്ടയത്ത് വിന്യസിച്ചു എന്നതാണ് കോട്ടയം കമ്മിറ്റിയ്ക്കെതിരായ പരാതി.












Click it and Unblock the Notifications