ഉണ്ണിത്താനും ശരത്തും കെപിസിസി യോഗത്തിന്
തിരുവനന്തപുരം: ക്ഷണിച്ചില്ലെങ്കിലും ജൂണ്‍ രണ്ട് ബുധനാഴ്ച നടക്കുന്ന കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദും തീരുമാനിച്ചു.
പാര്‍ട്ടിയില്‍ നിന്നുള്ള സസ്പെന്‍ഷന്‍ പിന്‍വലിച്ചപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം തിരിച്ചുനല്‍കിയില്ലെങ്കിലും തങ്ങള്‍ ഇപ്പോഴും നിര്‍വാഹക സമിതി അംഗങ്ങളാണെന്ന നിലപാടിലാണ് ഉണ്ണിത്താനും ശരത്തും. ശോഭനജോര്‍ജ്ജ് എംഎല്‍എയ്ക്കും കെപിസിസി നിര്‍വാഹകസമിതിയില്‍ പങ്കെടുക്കാന്‍ ക്ഷണക്കത്ത് ലഭിച്ചിട്ടില്ല.
കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം തിരിച്ചുനല്‍കുന്നത് ഹൈക്കമാന്റിന്റെ പരിഗണനയിലാണെന്നതിനാല്‍ തങ്ങള്‍ക്ക് ഇപ്പോഴും നിര്‍വാഹക സമിതിയില്‍ അംഗത്വമുണ്ടെന്നാണ് ഇരുവരുടെയും വാദം. നിര്‍വാഹക സമിതിയില്‍ അംഗമായതുകൊണ്ടാണ് ജനറല്‍ സെക്രട്ടറിയായതെന്നാണ് ഇരുവരും പറയുന്നത്.
അതേ സമയം ശരത്തിനും ഉണ്ണിത്താനും പാര്‍ട്ടിയിലെ സ്ഥാനങ്ങളൊന്നും തിരികെ നല്‍കിയിട്ടില്ലെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. യോഗത്തില്‍ പങ്കെടുത്ത് നേതൃമാറ്റം വേണമെന്നും കെ. കരുണാകരനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടാനാണ് ശരത്തിന്റെയും ഉണ്ണിത്താന്റെയും നീക്കം.












Click it and Unblock the Notifications