യുഡിഎഫ് യോഗം തുടങ്ങി
കോവളം: തിരഞ്ഞെടുപ്പ് പരാജയകാരണങ്ങള്‍ വിലയിരുത്താനുള്ള യുഡിഎഫ് യോഗം ജൂണ്‍ ഒന്ന് ചൊവാഴ്ച കോവളത്ത് തുടങ്ങി.
യോഗത്തില്‍ വ്യക്തമായ ഒരു തീരുമാനവും ഉരുത്തിരിയാന്‍ സാധ്യതയില്ലെങ്കിലും നേതൃമാറ്റം എന്ന ആവശ്യം ഒളിഞ്ഞും തെളിഞ്ഞും പൊന്തിവരാന്‍ സാധ്യതയുണ്ടെന്നറിയുന്നു. എന്തായാലും ആരോപണപ്രത്യാരോപണങ്ങളാല്‍ യോഗം കലുഷമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
എന്തായാലും നേതൃമാറ്റപ്രശ്നം ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കുന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിലെ ചര്‍ച്ചയ്ക്കൊടുവില്‍ മാത്രമേ തീരുമാനമാവൂ. ഇപ്പോള്‍ പാര്‍ലമെന്ററികാര്യമന്ത്രി എം.എം. ഹസ്സന്‍ വരെ നേതൃമാറ്റപ്രശ്നവും ചര്‍ച്ച ചെയ്യാമെന്ന് ആവശ്യപ്പെടുന്നുണ്ട്. തോല്‍വിയുടെ കാരണം ആന്റണിയുടെ മേല്‍ കെട്ടിവച്ച് അദ്ദേഹത്തെ കുരിശില്‍ തറയ്ക്കാന്‍ കോണ്‍ഗ്രസിനകത്തെ ഒരു വിഭാഗം പ്രവര്‍ത്തിയ്ക്കുന്നുവെന്ന് പ്രതാപവര്‍മ്മതമ്പാന്‍ ഉള്‍പ്പെടെയുള്ള ആന്റണി വിഭാഗക്കാര്‍ പറയുന്നു. പുറത്തേയ്ക്ക് പറയാതെ തന്നെ യുഡിഎഫിനകത്തും കോണ്‍ഗ്രസിനുള്ളിലും എന്തൊക്കെയോ നീറിപ്പുകയുന്നു എന്നാണ് മനസ്സിലാവുന്നത്.
ദില്ലിയിലെ പത്രങ്ങളിലും കഴിഞ്ഞ ദിവസം കേരളത്തില്‍ ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറ്റുന്നതിന് ഹൈക്കമാന്റ് ആലോചിയ്ക്കുന്നതായി സൂചനയുണ്ടായിരുന്നു.
നേതൃമാറ്റപ്രശ്നത്തിന് പുറമെ ബാലകൃഷ്ണപിള്ള അടൂര്‍ സ്ഥാനാര്‍ത്ഥിയെ കാലുവാരിയെന്ന ആരോപണവും കെ.എം. മാണിയുടെ മകനെതിരെ മൂവാറ്റുപുഴയില്‍ ജേക്കബ് ഗ്രൂപ്പ് വോട്ടുമറിച്ചുവെന്ന ആരോപണവും ചൂടുള്ള ചര്‍ച്ചാവിഷയമാവും.












Click it and Unblock the Notifications