അല്‍ യാവര്‍ പുതിയ ഇറാഖ് പ്രസിഡന്റ്
ബാഗ്ദാദ്: സുന്നി നേതാവ് ഗാസി അജില്‍ അല്‍-യാവര്‍ ഇറാഖിന്റെ ഇടക്കാല സര്‍ക്കാരിന്റെ പ്രസിഡന്റാകും. ഇപ്പോഴത്തെ ഇറാഖിന്റെ താല്ക്കാലിക ഭരണകൗണ്‍സിലിലെ സുന്നിമുസ്ലിങ്ങളുടെ നേതാവാണ് അല്‍ യാവര്‍.
ജൂണ്‍ 30നാണ് യുഎസും ബ്രിട്ടനും ഇറാഖിലെ പുതിയ ഇടക്കാല ഭരണകൂടത്തിന് അധികാരം കൈമാറുക. ഇറാഖികള്‍ക്ക് സ്വയംഭരണം നല്കുക എന്ന ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.
ഇറാഖി ഭരണകൗണ്‍സിലിന്റെ വിദേശകാര്യമന്ത്രി അഡ്നാന്‍ പചാചിയെ ഇറാഖി പ്രസിഡന്റാക്കാനായിരുന്നു യുഎസിന്റെ താല്പര്യം. പക്ഷെ അദ്ദേഹം സ്ഥാനമേറ്റെടുക്കാന്‍ വിസമ്മതിച്ചു. മാത്രമല്ല 22 അംഗ ഇറാഖി ഭരണകൗണ്‍സില്‍ യുഎസിന്റെ ഈ നീക്കത്തെ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്തു. പകരം അല്‍ യാവറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അവര്‍ പിന്തുണയ്ക്കുകയും ചെയ്തു. സൗദിയിലും യുഎസിലുമായി വിദ്യാഭ്യാസം നേടിയ അല്‍ യാവര്‍ സിവില്‍ എഞ്ചിനീയറാണ്.
പുതിയ ഇറാഖി ഭരണകൂടത്തെ തിരഞ്ഞെടുക്കാനുള്ള ചുമതലയുള്ള യുഎന്‍ പ്രതിനിധി ലഖ്ദര്‍ ബ്രാഹിമി ഒരു പ്രസ്താവനയില്‍ ഇറാഖി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അല്‍ യാവറിനെ തിരഞ്ഞെടുത്ത കാര്യം സ്ഥിരീകരിച്ചു. ഇതോടെ ജൂണ്‍ 30ന് ഇറാഖില്‍ താല്ക്കാലിക ഭരണകൂടം അധികാരത്തില്‍ വരുമോ എന്ന കാര്യത്തിലുള്ള സംശയം നീങ്ങിയിരിക്കുകയാണ്.
വൈസ് പ്രസിഡന്റുമാരായി ഷിയാ മുസ്ലിം ദാവാ പാര്‍ട്ടി നേതാവ് ഇബ്രാഹിം അല്‍ ജാഫറിയെയും കുര്‍ദ്ദ് നേതാവ് റൗഷ് ഷാവായ്സിനെയും തിരഞ്ഞെടുത്തു. പ്രധാനമന്ത്രിയെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. ഇറാഖില്‍ സദ്ദാം ഹുസൈനെ അട്ടിമറിയ്ക്കാന്‍ സിഐഎയ്ക്ക് സഹായം നല്കിയതായി ആരോപിയ്ക്കപ്പെടുന്ന ഇയാദ് അല്ലാവി എന്ന ഷിയാ മുസ്ലിം നേതാവിനെയാണ് പ്രധാനമന്ത്രിയായി നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.
26അംഗങ്ങളുള്ള പുതിയ ഇറാഖി ഭരണകൂടത്തിലെ ബാക്കി അംഗങ്ങളെ പിന്നീട് പ്രഖ്യാപിയ്ക്കുമെന്ന് ലഖ്ദര്‍ ബ്രാഹിമി പറഞ്ഞു.












Click it and Unblock the Notifications