ആന്റണിയും കുഞ്ഞാലിക്കുട്ടിയും ഇടഞ്ഞു
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും ഇടഞ്ഞു.
ഇരുവരും നടത്തിയ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ യുഡിഎഫ് യോഗം പരസ്യമായ വിഴുപ്പലക്കലിന് വേദിയാവുകയായിരുന്നു. ലീഗ് പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുമെന്ന് കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കിയെങ്കിലും ഒടുവില്‍ മറ്റ് നേതാക്കളുടെ അനുനയത്തിന് വഴങ്ങി.
മധ്യസ്ഥരില്ലാതെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്ന ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്നും പൊലീസ് വകുപ്പിലെ പാളിച്ചകളാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നും കുഞ്ഞാലിക്കുട്ടി പരാമര്‍ശിച്ചപ്പോള്‍ വിദ്യാഭ്യാസ, വ്യവസായ വകുപ്പുകളിലെ പാളിച്ചയാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതെന്നായിരുന്നു ആന്റണിയുടെ വിശദീകരണം.
യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ചില ഘടക കക്ഷികള്‍ പ്രമേയം പാസാക്കി പത്രങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ ആന്റണി നിശിതമായി വിമര്‍ശിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം ഒരാളുടെ തലയില്‍ മാത്രം കെട്ടിവയ്ക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിനെയാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണെന്ന് തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മധ്യസ്ഥന്‍മാരില്ലാതെ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും പൊലീസ് നയമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോള്‍ വ്യവസായം, വിദ്യാഭ്യാസ വകുപ്പുകളിലെ പാളിച്ചകളാണ് പരാജയകാരണമെന്ന് ആന്റണി മറുപടി പറഞ്ഞു. ആന്റണിയുടെ സംസാരത്തില്‍ ധിക്കാരത്തിന്റെ സ്വരമുണ്ടെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി പല അവസരങ്ങളിലും ആന്റണിയെ സംരക്ഷിച്ചത് ലീഗാണെന്ന് അവകാശപ്പെട്ടു. അങ്ങനെ ആരുടെയും ഔദാര്യത്തില്‍ തനിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ താത്പര്യമില്ലെന്നായിരുന്നു ആന്റണിയുടെ പ്രതികരണം.
ഇരുവരും തമ്മില്‍ ഒരു ഘട്ടത്തില്‍ വിരല്‍ ചൂണ്ടിയും മറ്റും സംസാരിച്ചപ്പോള്‍ അതൊരു വാക്പയറ്റായി മാറി. അതോടെ കരുണാകരന്‍ എഴുന്നേറ്റ് ഒരു മുന്നണിയാവുമ്പോള്‍ തര്‍ക്കങ്ങള്‍ സാധാരണമാണെന്ന് പറഞ്ഞ് പ്രശ്നത്തില്‍ ഇടപെട്ടു. ഇതിനിടെ മറ്റ് ഘടക കക്ഷി നേതാക്കളും സംസാരിക്കാന്‍ തുടങ്ങി.
ഉച്ചഭക്ഷണസമയത്തെ ചര്‍ച്ചകള്‍ക്കിടയിലാണ് ആന്റണിയും കുഞ്ഞാലിക്കുട്ടിയും തണുത്തത്. യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് പി. പി. തങ്കച്ചന്‍, മന്ത്രി കെ. എം. മാണി എന്നിവരാണ് ഇരുവരെയും അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയത്. വീണ്ടും യോഗം ചേര്‍ന്നപ്പോള്‍ പ്രശ്നങ്ങളെല്ലാം പറഞ്ഞുതീര്‍ത്തുവെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications