ലോക്സഭാ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
ദില്ലി: പതിന്നാലാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ രണ്ട് ബുധനാഴ്ച തുടങ്ങി. കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടകം, ബിഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ബുധനാഴ്ച തന്നെ പൂര്‍ത്തിയായി. അംഗങ്ങളുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ചയും തുടരുകയാണ്. വെള്ളിയാഴ്ചയാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നത്.
പത്താം തീയതി ഈ സമ്മേളനം സമാപിയ്ക്കും.
പ്രോട്ടം സ്പീക്കറായി നിയമിക്കപ്പെട്ട സോമനാഥ് ചാറ്റര്‍ജിയുടെ അധ്യക്ഷതയിലാണ് ബുധനാഴ്ച സഭ സമ്മേളിച്ചത്. അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട്, ലോക്സഭാ നടപടികള്‍ തുടര്‍ന്ന് നടത്തുന്നതിന് എല്ലാ വിഭാഗത്തിന്‍െറയും സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഈ ലോക്സഭയില്‍ 200 ലേറെ അംഗങ്ങള്‍ പുതുമുഖങ്ങളാണ്.
കേരളത്തില്‍ നിന്നുള്ള അംഗങ്ങളില്‍ എ.പി.അബ്ദുള്ളക്കുട്ടി, സി.കെ.ചന്ദ്രപ്പന്‍, പി.സി.തോമസ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തില്ല. മറ്റുള്ളവര്‍ ബുധനാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്തു.
പി.സതീദേവി, എം.പി.വീരേന്ദ്രകുമാര്‍, ടി.കെ.ഹംസ, എസ്.അജയകുമാര്‍, ലോനപ്പന്‍ നമ്പാടന്‍, കെ.ഫ്രാന്‍സിസ് ജോര്‍ജ്, കെ.എസ്.മനോജ്, സി.എസ്.സുജാത, ചെങ്ങറ സുരേന്ദ്രന്‍, വര്‍ക്കല രാധാകൃഷ്ണന്‍, പി.കെ.വാസുദേവന്‍നായര്‍ എന്നിവര്‍ മലയാളത്തിലും പി.കരുണാകരന്‍, എന്‍.എന്‍.കൃഷ്ണദാസ്, സെബാസ്റ്യന്‍ പോള്‍, കെ.സുരേഷ് കുറുപ്പ്, പി.രാജേന്ദ്രന്‍ എന്നിവര്‍ ഇംഗ്ലീഷിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
ലക്ഷദ്വീപില്‍ നിന്നുള്ള ഡോ.പി. കുഞ്ഞിക്കോയ ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചൊല്ലി.












Click it and Unblock the Notifications