കുറ്റവാളികളായ മന്ത്രിമാര്‍ക്കെതിരെ ബിജെപി
ദില്ലി: കുറ്റവാളികളായ നേതാക്കളെ മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പാര്‍ലമെന്റിലും പുറത്തും ശബ്ദമുയര്‍ത്തുമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി വക്താവ് വിജയ് കുമാര്‍ മല്‍ഹോത്ര പറഞ്ഞു.
കഴിഞ്ഞ ദിവസം ഭരണകക്ഷി അംഗങ്ങള്‍ പ്രതിപക്ഷ നേതാവ് എല്‍. കെ. അദ്വാനിയെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനെതിരെയും ബിജെപി പ്രതിഷേധിക്കും. ജൂണ്‍ അഞ്ച് ശനിയാഴ്ച എല്‍. കെ. അദ്വാനിയുടെ വീട്ടില്‍ ചേര്‍ന്ന ഉന്നത ബിജെപി നേതാക്കളുടെ യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മല്‍ഹോത്ര.
ജൂണ്‍ ഏഴ് തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്ത് സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് തീരുമാനിക്കും.
അഴിമതിക്കാരെ മന്ത്രിസഭയിലൂടെ ഉള്‍പ്പെടുത്തിയതിലൂടെ മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ പ്രതിഛായയെ മോശമായി ബാധിച്ചിട്ടുണ്ടെന്നും അഴിമതിക്കാരെ മന്ത്രിമാരാക്കിയത് ദേശീയ അന്തസിനെയും ബാധിക്കുന്ന കാര്യമാണെന്നും മല്‍ഹോത്ര പറഞ്ഞു.
മുന്‍കേന്ദ്രമന്ത്രിമാരായ ജസ്വന്ത്സിംഗ്, സുഷമ സ്വരാജ്, അനന്ത്കുമാര്‍, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍സിംഗ്, ബിജെപിയിലെ പുതിയ അംഗങ്ങളായ നവജ്യോത്സിധു, മാനവേന്ദ്രസിംഗ്, രാജ്യസഭാംഗം എസ്. എസ്. അലുവാലിയ തുടങ്ങിയവര്‍ അദ്വാനിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
ജൂണ്‍ മൂന്ന് വ്യാഴാഴ്ച ദേശീയ ജനാധിപത്യ മുന്നണിയിയെ എം പി മാര്‍ ഈ കാര്യം അടങ്ങുന്ന നിവേദനവുമായി രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനെ കണ്ടിരുന്നു.












Click it and Unblock the Notifications