കേരളത്തിലെ പ്രശ്നം സോണിയ ചര്‍ച്ചചെയ്യും
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയേയ്ക്കും.
പ്രണബ് മുഖര്‍ജി, ശിവരാജ്പാട്ടീല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയതിനു ശേഷമായിരിക്കും പ്രശ്നങ്ങള്‍ സംബന്ധിച്ച് സോണിയ അന്തിമ തീരുമാനം കൈക്കൊള്ളുന്നതെന്ന് ഹൈക്കമാന്‍ഡ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
കെ.പി.സി.സി. പിരിച്ചുവിട്ട് താാല്‍ക്കാലിക സമിതിയെ ചുമതല ഏല്‍പിക്കുന്നതിനെക്കുറിച്ച് വരെ കോണ്‍ഗ്രസ് ഹൈകമാണ്ട് ആലോചിയ്ക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് പരാജയത്തേക്കാള്‍ കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയതാണ് കഴിഞ്ഞ ദിവസം അരങ്ങേറിയ ആക്രമണം. തിരുവനന്തപുരത്ത് നടന്ന ഈ ഗുണ്ടാ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളണമെന്ന നിലപാടിലാണ് സോണിയയും ഹൈക്കമാന്‍ഡും. മുഖ്യമന്ത്രി എ.കെ.ആന്റണിയും, കെ.പി.സി.സി. പ്രസിഡന്റ് പി.പി.തങ്കച്ചനും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷമായിരിക്കും നടപടി സ്വീകരിക്കുന്നത്.
കേന്ദ്ര രഹസ്യാന്യേഷണ ഏജന്‍സികളും കേന്ദ്ര സര്‍ക്കാരിന് ഈ പ്രശ്നം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ നടപടികള്‍ വേണ്ടത്ര ശക്തമല്ലെന്ന സൂചനയാണുള്ളത്.
തിരുവനന്തപുരത്തെ അക്രമവുമായി ബന്ധപ്പെട്ട് കെ.മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്ത സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന് ഇക്കുറി കടുത്ത നടപടി എടുക്കേണ്ടിവരുമെന്നാണ് സൂചന. പാര്‍ട്ടിയിലെ ഒരംഗത്തിനെതിരെ പോലീസ് കേസ് എടുത്താല്‍ ആ അംഗത്തെ സസ്പെന്‍ഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യുന്ന രീതിയാണ് കോണ്‍ഗ്രസ്സിലുള്ളത്.
ഈ കീഴ്വഴക്കം അനുസരിച്ച് വധശ്രമം, ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ പോലീസ് കേസുകള്‍ക്ക് വിധേയരായവര്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്സ് ഉന്നത നേതൃത്വം.












Click it and Unblock the Notifications