എല്‍എന്‍ജി: ആന്റണി പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: കൊച്ചി എല്‍എന്‍ജി പദ്ധതി നടപ്പിലാക്കുന്നതിന് ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വേഗത്തിലുള്ള വ്യവസായവത്കരണത്തിന് ഈ പദ്ധതി നിലവില്‍ വരേണ്ടത് ആവശ്യമാമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
1997 മുതല്‍ പരിഗണനയിലിരിക്കുന്ന പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ചെയ്യേണ്ടേതെല്ലാം ചെയ്തിട്ടുണ്ടെന്ന് കത്തില്‍ പറഞ്ഞു. ദേശീയ താപവൈദ്യുതി കോര്‍പ്പറേഷന്‍ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നും വാതകം വാങ്ങാമെന്ന് സമ്മതിച്ചിട്ടുണ്ട്. വാതകവിതരണത്തിനായി പൈപ്പ്ലൈനിടുന്നതിന് ഗ്യാസ് അഥോറിട്ടി ഓഫ് ഇന്ത്യ ലിമിററഡ് കെഎസ്ഐഡിസിയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
എണ്ണ-പ്രകൃതിവാതക കോര്‍പ്പറേഷന്‍ മംഗലാപുരത്ത് എല്‍എന്‍ജി ടെര്‍മിനല്‍ സ്ഥാപിക്കാന്‍ നീക്കം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, സേലം എന്നിവിടങ്ങളിലെ വ്യാവസായികാവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്നതാവും കൂടുതല്‍ സൗകര്യപ്രദമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
കായംകുളം താപവൈദ്യുത പ്ലാന്റിന്റെയും കൊച്ചിന്‍ റിഫൈനറീസിന്റെയും വികസനത്തിന് കേന്ദ്രസഹായം ലഭ്യമാക്കുമെന്ന് കൊച്ചിയില്‍ ആഗോള നിക്ഷേപക സമ്മേളനത്തില്‍ മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയി വാഗ്ദാനം ചെയ്തിരുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
ഫാക്ട് ഉയര്‍ന്ന വിലയ്ക്കാണ് ദ്രവ ഇന്ധനം വാങ്ങിക്കൊണ്ടിരുന്നതെന്നും കത്തില്‍ പറയുന്നു. ഇപ്പോള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഫാക്ടിനെ സംരക്ഷിക്കണമെങ്കില്‍ കൊച്ചി എല്‍എന്‍ജി പദ്ധതിയുടെ കാര്യത്തില്‍ അടിയന്തിര തീരുമാനമുണ്ടാവണം. പദ്ധതി സംബന്ധിച്ച് കേന്ദ്രത്തില്‍ അടിയന്തിര ഉന്നതതല യോഗം വിളിച്ചുചേര്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications