കുട്ടികളിലെ ലിംഗാനുപാതം ആശങ്കയുണ്ടാക്കുന്നു
തിരുവനന്തപുരം: പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ എണ്ണത്തില്‍ കൂടുതലുള്ള സംസ്ഥാനമായ കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ ലിംഗാനുപാതത്തില്‍ കാണുന്ന വ്യത്യാസം ഗൗരവത്തോടെ കാണേണ്ടതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ ആറ് വയസ് വരെയുള്ള കുട്ടികള്‍ക്കിടയില്‍ ആണ്‍കുട്ടികളാണ് എണ്ണത്തില്‍ കൂടുതല്‍. പ്രത്യേകിച്ചും നഗരപ്രദേശങ്ങളില്‍. ഇത് ഗൗരവത്തോടെ കാണേണ്ടതാണെന്നും പെണ്‍കുട്ടികളോടുള്ള വിവേചനം മൂലമാണ് ഇത് സംഭവിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. ശക്തമായ സര്‍ക്കാര്‍ നയങ്ങളിലൂടെ ഇത് നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോവുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
2001ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 1,63,72,760 സ്ത്രീകളാണുള്ളത്. പുരുഷന്മാര്‍ 1,54,68,614 പേരും. എന്നാല്‍ ആറ് വയസ് വരെയുള്ള കുട്ടികള്‍ക്കിടയില്‍ ലിംഗാനുപാതം നേരെ തിരിച്ചാണ്. 19,35,027 കുട്ടികളും 18,58,119 പെണ്‍കുട്ടികളുമാണ് കേരളത്തിലുള്ളതെന്നാണ് സെന്‍സസ്.
ഗര്‍ഭാവസ്ഥയില്‍ പെണ്‍ഭ്രൂണങ്ങളെ നശിപ്പിക്കുന്ന പ്രവണത കൂടുതലായി വരുന്നതാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്കാന്‍ സെന്ററുകളില്‍ നിയമവിരുദ്ധമായ ലിംഗനിര്‍ണയ പരിശോനകള്‍ നിയന്ത്രിക്കേണ്ടതാണെന്നും അവര്‍ പറയുന്നു.
വീടുകളില്‍ തന്നെ ഇത്തരം സ്കാനിംഗ് സെന്ററുകള്‍ നടത്തുന്ന ഡോക്ടര്‍മാരുണ്ടെന്നും ഇവര്‍ക്കെതിരെ നടപടിയുണ്ടാവേണ്ടതാണെന്നും ദില്ലിയിലെ സെന്റര്‍ ഫോര്‍ വുമന്‍സ് ഡെവലപ്മെന്റ് സ്റഡീസിലെ സാബു ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications