നിളയൊഴുകുന്നു; ഇരുകരയും തിങ്ങി
ഷൊര്‍ണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ കിട്ടിയ കനത്ത മഴ നിളാനദിയ്ക്ക് കുളിരേകുന്നു. രണ്ട് ദിവസമായി ഈ നദി നിറഞ്ഞൊഴുകുകയാണ്. കഴിഞ്ഞ കേറേ മാസങ്ങളായി വെറും മരുപ്പറമ്പായി കിടന്ന പുഴ ഇപ്പോള്‍ തടം തല്ലി ഒഴുകുകയാണ്.
സാധാരണ ഇടവപ്പാതിയില്‍ നിള ഇങ്ങനെ കരകവിഞ്ഞ് ഒഴുകുക പതിവില്ല. പുഴ നിറയുന്നത് തുലാവര്‍ഷ മഴക്കാലത്താണ്. അങ്ങനെ ഇടവപ്പാതിയില്‍ നിള കരതൊട്ടൊഴുകുന്നത് ചരിത്രമാവുകായാണ്. തങ്ങളുടെ ഓര്‍മ്മയില്‍ ഇടവപ്പാതിയില്‍ ഇങ്ങനെ നിള നിറയുന്നത് കണ്ടിട്ടില്ലെന്നാണ് വൃദ്ധന്മാര്‍ പറയുന്നത്. വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് പുഴയിലൂടെയുണ്ടായിരുന്ന കടത്ത് നിര്‍ത്തിവെച്ചിരിയ്ക്കുകയാണ്.
വെള്ളം കൂടിയത് നിളയില്‍ മാത്രമല്ല. എലവഞ്ചേരിയില്‍ ഗായത്രി പുഴ ഗതിമാറി ഒഴുകി. കനത്ത വെള്ളപാച്ചിലിനെതുടര്‍ന്ന് നാശ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. മംഗലം പുഴയും നിറഞ്ഞൊഴുകുകയാണ്.
പലയിടത്തും നാശനഷ്ടം
നിള നിറഞ്ഞത് പലര്‍ക്കും മനസ്സിനെ കുളിര്‍പ്പിയ്ക്കുന്ന വാര്‍ത്ത ആണെങ്കിലും പാലക്കാട് ജില്ലയിലെ കനത്ത മഴ പല കര്‍ഷകരേയും താഴന്ന സ്ഥലങ്ങളില്‍ താമസിയ്ക്കുന്നവരേയും വിഷമത്തിലാക്കിയിരിയ്ക്കുകയാണ്. കിഴക്കഞ്ചേരി രണ്ടാം വില്ലേജില്‍ ചെറിയാന്റെ വീടു തകര്‍ന്നു. ചെത്തല്ലൂര്‍ കരിങ്കല്ലത്താണി ദേശീയ പാതയിലെ പാലം തകര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടിരിക്കയാണ്.
നെന്മാറ ഗവ. ആസ്പത്രി പരിസരത്തുള്ള മരം കടപുഴകിവീണു. മില്‍മ ബൂത്തിന്റെ ഷെഡ്ഡിന്റെ ഒരു ഭാഗം തകര്‍ന്നു.
ആലത്തൂര്‍, വടക്കഞ്ചേരി, ശ്രീകൃഷ്ണപുരം, മണ്ണാര്‍ക്കാട് ഭാഗങ്ങളില്‍ വെള്ളിയാഴ്ച വൈകീട്ട് തുടങ്ങിയ മഴ തുടരുകയാണ്.
പാലക്കാട് പട്ടണത്തിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച വൈകീട്ടാണ് മഴ തുടങ്ങിയത്.












Click it and Unblock the Notifications