ഇടതുപക്ഷ നിലപാടില്‍ മാറ്റം വേണം: ഇക്ബാല്‍
കൊച്ചി: ആഗോളവത്കരണവും ഉദാരവത്കരണവും ഉയര്‍ത്തുന്ന സമകാലീന വെല്ലുവിളികളെ നേരിടുന്നതിന് ഇടതുപക്ഷം പുതിയ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്ന് സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറും സാമൂഹികപ്രവര്‍ത്തകനുമായ ഡോ. ബി. ഇക്ബാല്‍ പറഞ്ഞു.
ഭാഷാപോഷിണി മാസികക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്ബാല്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ നിലപാടുകളില്‍ മാറ്റം വരണമെന്ന് ആവശ്യപ്പെട്ടത്.
ഇപ്പോഴത്തെ നവ-ഉദാര വികസന അജണ്ടക്ക് ഒരു ബദല്‍ മുന്നോട്ടുവയ്ക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇത് ഇടതുപക്ഷം എല്ലാറ്റിനെയും നിഷേധാത്മകമായാണ് സമീപിക്കുന്നതെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കിയിട്ടുണ്ട്.
വികസന പ്രശ്നങ്ങളില്‍ പുതിയ ബദല്‍ സങ്കല്പം കൊണ്ടുവരാന്‍ കഴിയാത്തത് ഇടതുപക്ഷത്തിന്റെ മാത്രം പരാജയമല്ല. വിവരസാങ്കേതികവിദ്യ പോലുള്ള മേഖലകളിലെ വികസനത്തിന്റെ വെളിച്ചത്തില്‍ വികസന പ്രശ്നങ്ങളെ പുതിയ കാഴ്ചപ്പാടിലൂടെ കാണാന്‍ ശ്രമിക്കേണ്ട വിദഗ്ധരുടെയും ബുദ്ധിജീവികളുടെയും പരാജയം കൂടിയാണിത്.
സാമ്രാജ്യത്വ ആഗോളവത്കരണം എതിര്‍ക്കപ്പെടേണ്ടതു തന്നെയാണെങ്കില്‍ക്കൂടി സംസ്ഥാനത്തിന്റെ എല്ലാ പ്രശ്നങ്ങളെയും ആഗോളവത്കരണവുമായി ബന്ധപ്പെടുത്തുന്ന രീതി ശരിയല്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധി എന്തുകൊണ്ടാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആഗോളവത്കരണത്തെ ഭയക്കുകയോ അതില്‍ നിന്ന് ഒളിച്ചോടുകയോ അല്ല ചെയ്യേണ്ടത്, അതിനെ പ്രതിരോധിക്കുകയാണ്.
സാമൂഹികമായ ലക്ഷ്യങ്ങളില്‍ വിശ്വസിക്കുന്നതിനാല്‍ താന്‍ ഇപ്പോഴും ഇടതുപക്ഷത്തിന്റെ ഭാഗമാണെന്ന് ഇക്ബാല്‍ വ്യക്തമാക്കി. എന്നാല്‍ സോഷ്യലിസം മാത്രമാണ് മുതലാളിത്തത്തിന് ബദലെന്ന മൗലികവാദപരമായ നിലപാട് ശരിയല്ല. മുതലാളിത്തത്തിന് എതിരായ സമകാലീന പ്രവണതകളെ അംഗീകരിക്കാന്‍ ഇടതുപക്ഷം തയ്യാറാവണം. പാരിസ്ഥിതിക പ്രശ്നങ്ങളില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വി. എസ്. അച്യുതാനന്ദന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പ്രശംസനീയമാണ്.
വിദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന എല്ലാ അക്കാദമിക്് ഗവേഷണങ്ങള്‍ക്ക് പിന്നിലും സാമ്രാജ്യത്വ ഗൂഢാലോചനയുണ്ടെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. വികേന്ദ്രീകരണം സംബന്ധിച്ച പ്രചാരണത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ പരിഷത്ത് അതിന്റെ നിലപാടുകള്‍ പുന:പരിശോധിക്കേണ്ടതുണ്ട്.
ഡോ. എം. പി. പരമേശ്വരന്റെ നാലാം ലോക സിദ്ധാന്തത്തെ താന്‍ അംഗീകരിക്കുന്നില്ലെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണെന്ന് ഇക്ബാല്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications