യു.ഡി.എഫിന്റെ തോല്‍വി അന്വേഷിക്കാന്‍ ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: മൂവാറ്റുപുഴ, അടൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടെ തോല്‍വി ഘടകകക്ഷി നേതാക്കള്‍ കാലുവാരിയതുമൂലമാണോയെന്ന് അന്വേഷിക്കാന്‍ ഉമ്മന്‍ചാണ്ടിയെ യു.ഡി.എഫ്. നേതൃയോഗം ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് റവന്യു മന്ത്രി കെ.എം.മാണി വെളിപ്പെടുത്തി.
ഐക്യമുന്നണി കണ്‍വീനര്‍ എന്ന നിലയ്ക്കായിരിക്കും അദ്ദേഹം അന്വേഷിക്കുക. യു.ഡി.എഫ്. എന്ന കപ്പലില്‍ സുഷിരം വീണിട്ടുണ്ടെന്നും അത് അടച്ചില്ലെങ്കില്‍ കപ്പല്‍ തന്നെ മുങ്ങിപ്പോകുമെന്നും അദ്ദേഹം പത്രലേഖകരോട് പറഞ്ഞു. കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ഹൈക്കമാന്‍ഡില്‍നിന്ന് വന്നിട്ടുള്ളവര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ മറ്റു ഘടകകക്ഷി നേതാക്കള്‍ അവരെ കാണുകയുള്ളൂ. വിളിക്കാതെപോയി അവരെ കാണുന്ന പ്രശ്നമേയില്ല.
പാലായില്‍ എല്‍.ഡി.എഫിന്റെ 12,000 വോട്ട് പി.സി.തോമസിന് മറിച്ചതുകൊണ്ടാണ് അവിടെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുറഞ്ഞതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മാണി പറഞ്ഞു. എന്നാല്‍, യു.ഡി.എഫിലെ ചില ഘടകകക്ഷി നേതാക്കള്‍ കാലുവാരിയതുകൊണ്ടാണ് വോട്ട് കുറഞ്ഞതെന്ന ആരോപണം ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. ഇതെല്ലാം ഉമ്മന്‍ചാണ്ടി അന്വേഷിക്കുമെന്നുമാത്രം അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications