നിരീക്ഷകര്‍ വെള്ളിയാഴ്ച മടങ്ങും
തിരുവനന്തപുരം : കോണ്‍ഗ്രസ് ഹൈക്കമാന്റ് നിരീക്ഷകര്‍ വെള്ളിയാഴ്ച ഡല്‍ഹിക്ക് മടങ്ങും. വെള്ളിയാഴ്ച ഉച്ചവരെ ഐക്യമുന്നണി ഘടക കക്ഷി നേതാക്കളുമായും ചില കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച നടത്തും. മുഖ്യമന്ത്രി എ.കെ. ആന്റണിയേയും ഇവര്‍ വെള്ളിയാഴ്ച കാണുന്നുണ്ട്.
ശൈലി മാറ്റാമെന്നും അതിനു തുടക്കം കുറിച്ചുകഴിഞ്ഞെന്നും ആന്റണി ഹൈക്കമാന്റ് നിരീക്ഷകരെ അറിയിക്കുമെന്നാണ് കരുതുന്നത്. കൂടുതല്‍ ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിച്ച് സര്‍ക്കാരിനെ ജനകീയമാക്കണമെന്ന് ആന്റണിയോട് നിരീക്ഷകര്‍ ആവശ്യപ്പെടും.
ഹൈക്കമാന്‍ഡ് പ്രതിനിധികളായ ആര്‍. എല്‍. ഭാട്ടിയയും മാര്‍ഗരറ്റ് ആല്‍വയും ജൂണ്‍ പത്ത് വ്യാഴാഴ്ച രാവിലെ 8.15ന് കൂടിക്കാഴ്ച ആരംഭിച്ചെങ്കിലും രാത്രിയായിട്ടും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 47 എം.എല്‍.എ.മാര്‍ ഉള്‍പ്പെടെ 151 പേരുമായാണ് വ്യാഴാഴ്ച ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. വ്യാഴാഴ്ച ചര്‍ച്ച നടത്തിയവരില്‍ ഉമ്മന്‍ചാണ്ടി, കെ.കരുണാകരന്‍, പി.പി.തങ്കച്ചന്‍, വക്കം പുരുഷോത്തമന്‍ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്നു.
എ.കെ.ആന്റണി മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ട എന്ന നിലപാടാണ് പൊതുവേ കോണ്‍ഗ്രസ് നേതാക്കള്‍ നിരീക്ഷകരെ അറിയിച്ചത്. എന്നാല്‍ സംഘടനാ തലത്തിലും മന്ത്രിസഭയിലും അഴിച്ചുപണി വേണമെന്ന് പലരും ആവശ്യപ്പെട്ടു.












Click it and Unblock the Notifications