ചെന്നിത്തല വരുന്നതിനോട് എതിര്‍പ്പ്
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നടക്കാന്‍ പോവുന്ന പുന:സംഘടനയുടെ ഭാഗമായി പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയുടെയും ജി. കാര്‍ത്തികേയന്റെയും പേരുകള്‍ ഹൈക്കമാന്റ് പരിഗണിക്കുന്നു.
ഇവരില്‍ രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റാവുന്നതിനോട് കെ. കരുണാകരന് യോജിപ്പില്ല. അതേ സമയം ജി. കാര്‍ത്തികേയന്‍ പ്രസിഡന്റാവുന്നതിനെ കരുണാകരന്‍ എതിര്‍ക്കുന്നുമില്ല.
ചെന്നിത്തല കെപിസിസി പ്രസിഡന്റായാല്‍ തന്റെ ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ തീരെ പരിഗണിക്കപ്പെടില്ലെന്ന ആശങ്കയാണ് ചെന്നിത്തലയെ കരുണാകരന്‍ എതിര്‍ക്കുന്നതിന് കാരണം. എന്നാല്‍ തന്നോട് മൃദുസമീപനം പുലര്‍ത്തുന്ന കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റാവുന്നതിനോട് കരുണാകരന് വലിയ എതിര്‍പ്പില്ല.
ചെന്നിത്തല പ്രസിഡന്റായാല്‍ അത് തനിക്ക് ദോഷമാവുമെന്നാണ് കരുണാകരന്‍ കരുതുന്നത്. ഐ ഗ്രൂപ്പ് വിട്ട് പുതിയ ഗ്രൂപ്പുണ്ടാക്കിയ ചെന്നിത്തല പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത് തന്റെ ഗ്രൂപ്പിന്റെ ശക്തി ക്ഷയിക്കാനേ ഉപകരിക്കുവെന്ന് അദ്ദേഹം കരുതുന്നു.
മുഖ്യമന്ത്രി, യുഡിഎഫ് കണ്‍വീനര്‍, കെപിസിസി പ്രസിഡന്റ് എന്നീ മൂന്ന് സ്ഥാനങ്ങളിലും ഇപ്പോള്‍ ഒരേ സമുദായത്തില്‍ നിന്നുള്ളവരായതിനാല്‍ ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന് സ്ഥാനമൊഴിഞ്ഞേ പറ്റൂ. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനമൊഴിഞ്ഞ് ഉമ്മന്‍ചാണ്ടി മന്ത്രിയാവുകയാണെങ്കില്‍ തങ്കച്ചന് പ്രസിഡന്റ് സ്ഥാനത്ത് തുടരാമെങ്കിലും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആരു വരണമെന്നത് സംബന്ധിച്ച തീരുമാനമെടുക്കുമ്പോള്‍ കരുണാകരന്റെ അഭിപ്രായത്തിന് ഹൈക്കമാന്റ് വലിയ വില കല്പിക്കാനിടയില്ല. എന്നാല്‍ തന്റെ ഗ്രൂപ്പിനുള്ള സ്ഥാനം കൈമാറുമ്പോള്‍ തന്റെ അഭിപ്രായം പരിഗണിക്കണമെന്നതാണ് കരുണാകരന്റെ നിലപാട്.












Click it and Unblock the Notifications