കേന്ദ്രബജറ്റ് ജൂലൈ എട്ടിന്
ദില്ലി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജൂലൈ അഞ്ചിന് ആരംഭിക്കും. ജൂലൈ എട്ടിന് ധനകാര്യമന്ത്രി പി. ചിദംബരം 2004-05 വര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റ് ലോക്സഭയില്‍ അവതരിപ്പിക്കും.
ജൂണ്‍ 15 ചൊവാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ നടന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ജൂലൈ ആറിന് റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവ് റെയില്‍വെ ബജറ്റ് അവതരിപ്പിക്കും. ബജറ്റിന് മുമ്പുള്ള സാമ്പത്തിക സര്‍വെ (2003-04) ജൂലൈ ഏഴിന് പുറത്തിറക്കും. സാമൂഹികനീതി-ശാക്തീകരണ മന്ത്രി മീരാകുമാറാണ് ഇക്കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് കേന്ദ്രമന്ത്രിസഭായോഗത്തില്‍ പങ്കെടുത്തത് ശ്രദ്ധേയമായി. ദിഗ്വിജയ് സിംഗിനെ ആസൂത്രണ കമ്മിഷന്റെ ഉപാധ്യക്ഷനായി നിയമിച്ചേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തത്. മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്ന് കെ. സി. പന്ത് ആസൂത്രണ കമ്മിഷന്റെ ഉപാധ്യക്ഷന്‍ സ്ഥാനം രാജിവച്ചിരുന്നു.












Click it and Unblock the Notifications