സിപിഎം വിനോദ സഞ്ചാര പദ്ധതി പുനരുജ്ജീവിപ്പിയ്ക്കുന്നു
കണ്ണൂര്‍: സൊസൈറ്റിയും കമ്പനിയും രൂപീകരിച്ച് വിനോദ സഞ്ചാര വ്യവസായ രംഗത്തേയ്ക്ക് ഇറങ്ങാനുള്ള മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ പദ്ധതി പുനരുജ്ജീവിപ്പിയ്ക്കുന്നു.
നേരത്തേ ഇതിന് തുടക്കം കുറിച്ചിരുന്നെങ്കിലും ഇടക്കാലത്ത് നിര്‍ജ്ജീവമായിപ്പോയിരുന്നു. മലബാര്‍ ടൂറിസം ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നേരത്തേ തന്നെ രൂപീകരിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ സജീവമാക്കാന്‍ സി.പി.എം നേതൃത്വം തീരുമാനിച്ചിരിയ്ക്കുന്നത്. അമ്യൂസ്മെന്റ്- വാട്ടര്‍ തീം പാര്‍ക്കിനായി കണ്ടുവെച്ച പറശ്ശിനിക്കടവിനടുത്ത ആന്തൂര്‍ കോള്‍മൊട്ടയിലെ 22 ഏക്കര്‍ സ്ഥലത്ത് പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
സൊസൈറ്റിയുടെ കീഴില്‍ പദ്ധതി നടപ്പാക്കാനായി ഒരു കമ്പനി രൂപീകരിച്ചിട്ടുണ്ട്. സഹകരണ സംഘത്തിന്റെ പരിമിതികളും ധനസമാഹരണത്തിന്റെ സാധ്യതകളും കണക്കിലെടുത്ത് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അതിന്റെ കീഴില്‍ കമ്പനി രൂപീകരിച്ചത്.
മലബാര്‍ പ്ലഷേഴ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് പുതിയ വിനോദ സഞ്ചാര കമ്പനി രൂപീകരിച്ചിരിയ്ക്കുന്നത്. ടൂറിസം സൊസൈറ്റി പുതിയ കമ്പനിയില്‍ ഷെയറുകള്‍ എടുക്കും. റബ്കോ യുടെ സാമ്പത്തിക സംവിധാനമായിരിയ്ക്കും പുതിയ കമ്പനിയ്ക്കും.
15 കോടിയാണ് ടൂറിസം പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. 90 ലക്ഷം രൂപ നല്കി ഇതിനുള്ള സ്ഥലം എടുത്തുകഴിഞ്ഞു. ആദ്യഘട്ടമായ അമ്യൂസ്മെന്റ് പാര്‍ക്ക് ഈ വര്‍ഷാവസാനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്-വാട്ടര്‍ തീം പാര്‍ക്ക് രണ്ടാംഘട്ടത്തിലും.
കെ.എസ്.ടി.എ. മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്പോള്‍ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാനുമായ കെ.ബാലകൃഷ്ണന്‍ നമ്പ്യാരാണ് സൊസൈറ്റിയുടെയും കമ്പനിയുടെയും ചെയര്‍മാന്‍. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ഗോവിന്ദന്‍ എം.എല്‍.എയും സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി കെ.ശ്രീനിവാസനുമാണ് കമ്പനിയുടെ ഇപ്പോഴത്തെ ഡയറക്ടര്‍മാര്‍. താമസിയാതെ ഈ ബോര്‍ഡ് വികസിപ്പിക്കും. സൊസൈറ്റിയില്‍ ഇവര്‍ക്ക് പുറമെ സി.പി.എം നേതാക്കളായ ടി.വാസുദേവന്‍, കെ.വി.പ്രേമരാജന്‍, കെ.വി.ബാലന്‍, കണ്ണൂര്‍ ടൗണ്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ. വേണു, പി.വിജയന്‍ എന്നിവരും ഡയറക്ടര്‍മാരാണ്.
ചെന്നൈയിലെ റിയല്‍ ഫണ്‍ കണ്‍സല്‍ട്ടന്‍സി യാണ് പാര്‍ക്കിന്റെ നിര്‍മ്മാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. പ്രശസ്ത വാസ്തുശില്‍പി ജോസഫ് ജോണിന്റെ ജെ ആന്‍ഡ് ഐ ആര്‍ക്കിടെക്ട്സ്ആണ് രൂപകല്‍പന.
നിര്‍മ്മാണത്തിനാവശ്യമായ തുകയില്‍ അഞ്ചുകോടി രൂപ ഷെയറുകള്‍വഴി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നഗരസഭകള്‍ക്ക് 50,000, ഗ്രാമ പഞ്ചായത്തുകള്‍ക്ക് 20,000 രൂപയില്‍ കവിയാത്ത ഷെയറുകള്‍ എടുക്കാമെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. സഹകരണ ബാങ്കുകള്‍ക്കും ഈ സൗകര്യമുണ്ട്. 10 രൂപയാണ് ഒരു ഷെയറിന്റെ മുഖവില.
കണ്ണൂര്‍ജില്ല മാത്രം പ്രവര്‍ത്തന പരിധിയാക്കി കണ്ണൂര്‍ ആസ്ഥാനമായുള്ള സൊസൈറ്റി ആരംഭിക്കുന്ന ടൂറിസം പദ്ധതിക്ക് ആവശ്യമായ ബാക്കിതുക ബാങ്ക്വായ്പ വഴി സമാഹരിക്കും. വിനോദസഞ്ചാരികള്‍ക്ക് താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വിഭാവനംചെയ്യുന്ന ഈ പദ്ധതി മലബാറിലെ ബൃഹത്തായ സംരംഭമായാണ് കണക്കാക്കുന്നത്. സൊസൈറ്റിയില്‍ കൂടുതല്‍ പേര്‍ ഷെയറുകള്‍ എടുക്കുന്നമുറയ്ക്ക് മലബാര്‍ പ്ലഷേഴ്സ് കമ്പനിയുടെ ഷെയറുകള്‍ സൊസൈറ്റി വാങ്ങും.












Click it and Unblock the Notifications