കാവേരി വെള്ളം വിട്ടുകിട്ടണം: തമിഴ്നാട്
ചെന്നൈ: തമിഴ്നാട്ടിലെ കുറുവകൃഷിക്കായി കാവേരി വെള്ളം ഉടന്‍ വിട്ടുതരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കര്‍ണാടക മുഖ്യമന്ത്രി ധരംസിംഗിനോട് ആവശ്യപ്പെട്ടു.
തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള സംഘം ധരംസിംഗിന് നല്‍കിയ കത്തിലാണ് ഉടന്‍ വെള്ളം വിട്ടുതരണമെന്ന ജയലളിത ആവശ്യമുന്നയിച്ചിരിയ്ക്കുന്നത്. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഈ വര്‍ഷമെങ്കിലും കൃത്യസമയത്ത് കുറുവ കൃഷി തുടങ്ങുന്നതിന് കാവേരി വെള്ളം വിട്ടുകിട്ടുന്നതിനായി കാത്തിരിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കുറുവ കൃഷിക്കായി മേട്ടൂര്‍ റിസര്‍വോയര്‍ തുറക്കുന്ന തീയതി ജൂണ്‍ 12 ആണ്. ജൂണ്‍ 13ലെ കണക്ക് പ്രകാരം റിസര്‍വോയറില്‍ സംഭരിച്ചിരിക്കുന്ന വെള്ളം ആറ് ടി എംസി അടി വെള്ളം മാത്രമാണ്. റിസര്‍വോയറിലെ വെള്ളം തീരെ കുറവായതിനാല്‍ കൃഷിക്കായി വെള്ളം വിട്ടുകൊടുക്കാന്‍ പറ്റില്ല.
വരള്‍ച്ച മൂലം കര്‍ഷകര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുകയാണ്. ഇത്തവണ തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം മെച്ചപ്പെട്ട രീതിയില്‍ ലഭിച്ചതിനാല്‍ കാവേരി വെള്ളം കൃഷിക്കായി വിട്ടുകിട്ടുന്നതിനായി കാത്തിരിക്കുകയാണ് കര്‍ഷകര്‍- കത്തില്‍ ചൂണ്ടിക്കാട്ടി.
ഒരു തുള്ളിപോലും കാവേരി ജലം ഇക്കുറി തമിഴ്നാടിന് വിട്ടുകൊടുക്കില്ലെന്ന് കഴിഞ്ഞ ദിവസം കര്‍ണ്ണാടക മുഖ്യമന്ത്രി ധരംസിംഗ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ കാവേരിയെച്ചൊല്ലി ഇരു സംസ്ഥാനങ്ങള്‍ തമ്മില്‍ വീണ്ടും ഇടയുകയാണ്.












Click it and Unblock the Notifications