സപ്തംബര്‍11: 10 വിമാനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു
വാഷിംഗ്ടണ്‍: സപ്തംബര്‍ 11ന് യുഎസില്‍ 10 വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ അല്‍ ക്വെയ്ദ പദ്ധതിയിട്ടിരുന്നു. സപ്തംബര്‍ 11ന്റെ ആക്രമണത്തെക്കുറിച്ച് അന്വേഷിയ്ക്കുന്ന കമ്മീഷനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ജൂണ്‍ 16 ബുധനാഴ്ച നടന്ന വാദം കേള്‍ക്കലിനിടയിലാണ് കമ്മീഷന്‍ ഇക്കാര്യം പുറത്തുവിട്ടത്.
ജൂണ്‍ 17 വ്യാഴാഴ്ച നടക്കുന്ന വാദം കേള്‍ക്കലില്‍ തട്ടിക്കൊണ്ടുപോയ നാല് വിമാനങ്ങളില്‍ ആകാശത്ത് വച്ച് എന്തൊക്കെ നടന്നു എന്ന കാര്യങ്ങള്‍ കമ്മിഷന്‍ വെളിപ്പെടുത്തും. ജൂണ്‍18 വെള്ളിയാഴ്ചയോടെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാവും. വാദം കേള്‍ക്കല്‍ പൂര്‍ത്തിയാവുന്നതോടെ സപ്തംബര്‍ 11ലെ ആക്രമണവുമായി ബന്ധപ്പെട്ടുണ്ടായ ഒട്ടേറെ തെറ്റിദ്ധാരണകള്‍ നീങ്ങുമെന്ന് കമ്മിഷന്‍ അംഗം റിച്ചാര്‍ഡ് ബെന്‍ വെനിസ്റെ പറയുന്നു.
അല്‍ക്വെയ്ദയുടെ ഉള്ളില്‍ തന്നെയുണ്ടായ അഭിപ്രായഭിന്നതമൂലമാണ് ആക്രമണത്തിന് നാല് വിമാനങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് പിന്നീട് തീരുമാനിച്ചത്. സപ്തംബര്‍ 11ന്റെ ആക്രമണത്തിന്റെ പ്രധാനആസൂത്രകന്‍ ഖാലിദ് മുഹമ്മദ് ഷേഖ് ആണ് 10 വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. തട്ടിയെടുത്ത വിമാനങ്ങള്‍ ഉപയോഗിച്ച് സിഐഎ, എഫ്ബിഐ ആസ്ഥാനങ്ങളും യുഎസിലെ ചില ആണവായുധകേന്ദ്രങ്ങളും കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍ എന്നീ നഗരങ്ങളിലെ ഉയരം കൂടിയ കെട്ടിടങ്ങളും തകര്‍ക്കാനായിരുന്നു മുഹമ്മദ് മുന്നോട്ട് വച്ച പദ്ധതി.
പത്താമത്തെ വിമാനം താന്‍ തന്നെ പറത്താമെന്നും മുഹമ്മദ് തന്റെ പദ്ധതിയില്‍ പറഞ്ഞിരുന്നു. പത്താമത്തെ വിമാനംകൊണ്ട് ആക്രമണം നടത്താന്‍ മുഹമ്മദിന് പരിപാടിയില്ലായിരുന്നു. പകരം അതിലെ പുരുഷ യാത്രക്കാരെയെല്ലാം വധിച്ച ശേഷം ആകാശത്ത് വച്ച് തന്നെ യുഎസിലെ വാര്‍ത്താമാധ്യമങ്ങളുമായി ബന്ധപ്പെടാനായിരുന്നു അത്തയുടെ പദ്ധതി. പിന്നീട് വിമാനം യുഎസിലെ ഏതെങ്കിലും വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം ഒരു ഉഗ്രന്‍ അമേരിക്കന്‍ വിരുദ്ധ പ്രഭാഷണം നടത്തുക. അതിന് ശേഷം കീഴടങ്ങുക. ഇതായിരുന്നു മുഹമ്മദിന്റെ പദ്ധതി.
എന്നാല്‍ ഒസാമ ബിന്‍ലാദന്‍ തന്നെ ഈ പദ്ധതിയെ എതിര്‍ക്കുകയായിരുന്നുവെന്ന് അന്വേഷണകമ്മിഷന്‍ പറയുന്നു. ഒടുവില്‍ ബിന്‍ ലാദന്റെ നിര്‍ദേശപ്രകാരമാണ് നാല് വിമാനങ്ങള്‍ മാത്രം ആക്രമണത്തിന് ഉപയോഗിച്ചത്. പ്രസംഗവും കീഴടങ്ങലും വേണ്ടെന്നും ഒസാമബിന്‍ ലാദന്‍ നിര്‍ദേശിച്ചു. പകരം നാല് വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തേണ്ട സ്ഥലങ്ങളുടെ കാര്യത്തില്‍ വ്യക്തമായ പദ്ധതി തയ്യാറാക്കി. ഇതനുസരിച്ചാണ് വേള്‍ഡ് ട്രേഡ് സെന്ററിന്റെ രണ്ട് കെട്ടിടങ്ങളും പെന്റഗണ്‍ കെട്ടിടവും ഉള്‍പ്പെടുത്തിയത്. നാലമത്തെ ആക്രമണകേന്ദ്രമായി ഒന്നുകില്‍ കാപ്പിറ്റള്‍ ഹില്ലോ അതല്ലെങ്കിലും വൈറ്റ് ഹൗസോ തിരഞ്ഞെടുക്കാനും തീരുമാനിച്ചു. വൈറ്റ് ഹൗസില്‍ ആക്രമണം നടത്താനായിരുന്നു ബിന്‍ലാദന്റെ മോഹം. പക്ഷെ ഇത് അത്ര എളുപ്പമല്ലെന്നതിനാലാണ് മുഹമ്മദിന്റെയും മുഹമ്മദ് അത്തയുടെയും നിര്‍ദേശപ്രകാരം കാപ്പിറ്റള്‍ ഹില്‍ ആക്രമിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്.
യുഎസിനൊപ്പം ചില തെക്ക് കിഴക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഒപ്പം ആക്രമണം നടത്താന്‍ അല്‍ക്വെയ്ദ പദ്ധതിയിട്ടിരുന്നു. എന്നാല്‍ രണ്ടിടത്ത് ഒരേ സമയം ആക്രമണം നടത്തുന്നതിന്റെ മേല്‍നോട്ടം വഹിയ്ക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന് ഒസാമ ബിന്‍ ലാദന്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് യുഎസില്‍ മാത്രമായി ആക്രമണപദ്ധതി ഒതുക്കിയത്.












Click it and Unblock the Notifications